Tue. Apr 1st, 2025

ബസിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു; ബസ്സുകൾ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം

ബസിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു; ബസ്സുകൾ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം

മാഹി: അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് മുന്നിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ അമിതവേഗതയിൽ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം. ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അഴിയൂർ മനയിൽ മുക്ക് തയ്യിൽ കോട്ടിക്കൊല്ലാൻ ദർജ ഹൗസിൽ അൻസീർ-റിൻഷ ദമ്പതികളുടെ മകൻ സൈൻ അബ്ദുല്ലയാണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച കണ്ണൂർ – കോഴിക്കോട് റൂട്ടിലോടുന്ന ബിൽസാജ് ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥി തെറിച്ചുപോയിരുന്നു. പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇന്‍റർനാഷനൽ സ്കൂൾ എട്ടാം തരം വിദ്യാർഥിയായിരുന്നു.

സ്കൂളിന് സമീപത്തെ സീബ്രലൈൻ പോലും സുരക്ഷിതല്ലാത്ത തരത്തിൽ ലിമിറ്റഡ് ബസ്സുകാരുടെ അമിതവേഗത്തിലെ ഓട്ടത്തിനെതിരെയാണ് പ്രതിഷേധം ശക്തമായത്. അഴിയൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ ദീർഘദൂര ബസ്സുകൾ തടഞ്ഞിട്ട് പ്രതിഷേധിച്ചു. ഡ്രൈവർമാരെ താക്കീത് ചെയ്താണ് നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിഷേധ സമരം ദേശീയപാത കർമ്മസമിതി ജില്ല കൺവീനർ എ.ടി. മഹേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സാലിം പുനത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സീനത്ത് ബഷീർ, ഹുസൈൻ സഖാഫി, യുസുഫ് മൗലവി, വി.പി. ഗഫൂർ, ഫഹദ് കല്ലറോത്ത് എന്നിവർ നേതൃത്വം നൽകി.

അപകടമുണ്ടാക്കിയ ബസ്സിന്‍റെ പെർമിറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചോമ്പാല പൊലീസ് സ്റ്റേഷനിൽ മുസ്ലിം ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി. ബസ്സോടിച്ച ഡ്രൈവർക്കെതിരെ മനപ്പൂർവമുള്ള നരഹത്യക്ക് കേസെടുക്കണം, ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദ് ചെയ്യണം, സ്റ്റേഷൻ കസ്റ്റഡിയിലുള്ള ബസ് കോടതിയെ ഏൽപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും പരാതിയിൽ ഉന്നയിച്ചു.

യു.എ.റഹീം, പി.പി.ഇസ്മായിൽ, യൂസഫ് കുന്നുമ്മൽ, നവാസ് നെല്ലോളി, തുടങ്ങിയവർ സംബന്ധിച്ചു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!