ചെറുപുഴ: കാട്ടുപന്നികളിറങ്ങി കൃഷിയിടത്തിലെ ഇരുനൂറിലേറെ ഏത്തവാഴകള്‍ കുത്തിനശിപ്പിച്ചു. കൊല്ലാടയിലെ അഞ്ചില്ലത്ത് സുലൈമാന്റെ കൃഷിയിടത്തിലെ വാഴകളാണ് കഴിഞ്ഞദിവസം രാത്രി കാട്ടുപന്നികള്‍ നശിപ്പിച്ചത്.
രണ്ട് ഏക്കര്‍ സ്ഥലത്ത് വാഴ, പച്ചക്കറി, കമുക്, തെങ്ങ് തുടങ്ങിയ വിളകളാണ് സുലൈമാന്‍ കൃഷി ചെയ്യുന്നത്. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമായതിനാല്‍ പന്നികളെ പ്രതിരോധിക്കാന്‍ കൃഷിയിടത്തില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുകയും രാത്രിയിൽ പാട്ടുവെയ്ക്കുകയും ചെയ്തു.
എന്നാല്‍, ഇതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്നും നല്ലൊരു തുക ഇതിനായി പാഴാക്കിയെന്നും സുലൈമാന്‍ പറഞ്ഞു. കാട്ടുപന്നി ശല്യത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ ദിവസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍മാരെ നിയോഗിച്ച് കൊല്ലാടയിലും പരിസരങ്ങളിലും പന്നിവേട്ട നടത്തിയിരുന്നു. അന്ന് ഒരു പന്നിയെ മാത്രമാണ് കൊല്ലാനായത്.