ഇരിട്ടി: മാക്കുട്ടം ചുരം റോഡിൽ പാലത്തിനു സമീപം കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ത്സാർഖണ്ഡ് സ്വദേശി ബുദ്ധരാം (55) ആണ് മരിച്ചത്. ലോറി ഡ്രൈവർ തെലുങ്കാന സ്വദേശി നാഗേശ്വർ റാവ്യ (30), ഝാർഖണ്ഡ് സ്വദേശികളായ രാജേന്ദർ (24), ജയ മംഗൽ (25), ആകാശ് (25), സുരേഷ് (48) എന്നിവരെ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. ഹൈദരാബാദിൽനിന്ന് കേബ്ൾ സാമഗ്രികൾ കണ്ണൂരിലേക്ക് കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ചുരം ഇറക്കത്തിനിടയിൽ നിയന്ത്രണം വിട്ടതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ബുദ്ധരാം സംഭവസ്ഥലത്തുതന്നെ മരിച്ചു. ലോറിയിൽ കുടുങ്ങിയവരെ ഇരിട്ടിയിൽനിന്നെത്തിയ അഗ്നിരക്ഷസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.