
നോമ്പുകാർക്ക് കഞ്ഞി വിളമ്പുന്ന ഷറഫുദ്ദീൻ
കേളകം: ഇരുപത്തിയഞ്ചിലധികം വർഷമായി അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നോമ്പുകാർക്കായി നോമ്പ് കഞ്ഞിയൊരുക്കി അടക്കാത്തോട് സ്വദേശി മുളംപൊയ്കയിൽ ഷറഫുദ്ദീൻ. തന്റെ പിതാവ് മുളംപൊയ്കയിൽ മുസ്തഫയിൽനിന്ന് പഠിച്ച പാചക വൈഭവമാണ് നാട്ടിലെ നോമ്പുകാർക്ക് അനുഗ്രഹമായത്.
ജീരകം, ഉലുവ, വെളുത്തുള്ളി, തേങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന കഞ്ഞി പള്ളിയിലെ നോമ്പുതുറക്കാർക്ക് മാത്രമല്ല എത്തുന്ന എല്ലാവർക്കും പാർസലായും നൽകും. ഷറഫുദ്ദീന്റെ നോമ്പുകഞ്ഞി കൂടി രുചിക്കുമ്പോഴാണ് നാട്ടുകാർക്ക് നോമ്പു തുറയുടെ സംതൃപ്തി ലഭിക്കുന്നത്.
കഞ്ഞി തയാറാക്കാൻ ഷറഫുദ്ദീനെ സഹായിക്കാനായി ഉച്ചമുതൽ ഭാര്യ പാത്തുമ്മയും കർമനിരതയാവും. കഞ്ഞിയും ചായയും പലഹാരങ്ങളും പഴവർഗങ്ങളും നോമ്പ് തുറക്കാർക്കായി തയാറാക്കാനായി ലഭിച്ച അവസരത്തിന് സർവശക്തനെ സ്തുതിക്കുകയാണിവർ.
നോമ്പുകഞ്ഞി തയാറാക്കുന്നതിൽ മാത്രമല്ല, മഹല്ലിലെ സാമൂഹിക പ്രവർത്തനങ്ങളിലും മുന്നണിയിലാണ് ഈ എഴുത്തഞ്ച്കാരൻ. പള്ളിയുടെ പരിസരങ്ങളിലും ഖബർസ്ഥാനിലും കാട് തെളിക്കുന്നത് തന്റെ ഉത്തരവാദിത്വമെന്നോണം സൗജന്യ സേവനമാക്കിയിട്ടുണ്ട്�ഷറഫുദ്ദീൻ. അന്നന്നത്തെ ഉപജീവനത്തിന് കൂലിപ്പണിയാണ് മാർഗമെങ്കിലും നന്മയുടെ മാർഗത്തിൽ മാർഗ ദർശികൂടിയാണ് ഈ കറുത്ത തൊപ്പിക്കാരൻ.