
പാനൂർ: ചമ്പാട് മേഖലയെയും ഭീതിയിലാഴ്ത്തി കാട്ടുപന്നിയുടെ വിളയാട്ടം. നേരത്തേ താഴെ ചമ്പാട് വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി കൃഷി വിളകൾ നശിപ്പിച്ചതായുള്ള പരാതികൾ ഉയർന്നിരുന്നു.
ചൊവ്വാഴ്ച രാത്രി 10.30 ഓടെ താഴെ ചമ്പാട് ബ്ലോക്ക് ഓഫിസിന് സമീപം വെച്ചാണ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിജീഷിന്റെ ബുള്ളറ്റിന് നേരെ കാട്ടുപന്നി ഓടിയടുത്തത്. ബുള്ളറ്റ് വെട്ടിച്ച് വീട്ടിലേക്ക് ഓടിച്ച് കയറ്റിയാണ് നിജീഷ് രക്ഷപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശവാസികളും ഭീതിയിലാണ്.
ചമ്പാടിനു പുറമെ മനേക്കരയും കാട്ടുപന്നി ഭീതിയിലാണ്. മനേക്കര കുനിയാമ്പ്രം ക്ഷേത്രത്തിന് സമീപമാണ് കഴിഞ്ഞ ദിവസം വഴിയാത്രക്കാർ കാട്ടുപന്നിയെയും, കുഞ്ഞുങ്ങളെയും കണ്ടത്. ഈ ഭാഗത്ത് ഇടക്കിടെ കാട്ടുപന്നിയെ കാണാറുണ്ട്. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ അക്രമത്തിൽ വയോധികൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഈ പ്രദേശത്തുകാരും ഭീതിയിലാണ്. ദിവസങ്ങൾക്ക് മുന്നെ പന്ന്യന്നൂരിലും കാട്ടുപന്നിയെ കണ്ടിരുന്നു.
മന്ത്രി ശശീന്ദ്രൻ പങ്കെടുക്കും
പാനൂർ: മുതിയങ്ങ വയലിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ച പശ്ചാത്തലത്തിൽ ഇന്ന് മൊകേരി പഞ്ചായത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ വനംവകുപ്പ് മന്ത്രി പങ്കെടുക്കും.