Sun. Mar 30th, 2025

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധം: ഒമ്പത് സി.പി.എമ്മുകാർ കുറ്റക്കാർ

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധം: ഒമ്പത് സി.പി.എമ്മുകാർ കുറ്റക്കാർ

തല​ശ്ശേരി: കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ഒമ്പത് സി.പി.എമ്മുകാർ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഇവരെ കുറ്റക്കാരെന്ന് വിധിച്ചത്. പത്താം പ്രതിയെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷാണ് നിലവിൽ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരന്‍ മനോരാജ് നാരായണന്‍ അഞ്ചാം പ്രതിയാണ്.

രണ്ട് പ്രതികൾ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. എന്‍.വി. യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. കൊലപാതകം, ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍. നേരത്തെ ഒന്നാം പ്രതിയായിരുന്ന പി.കെ ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും വിചാരണക്കിടെ മരണപ്പെട്ടിരുന്നു.

കൊന്നത് സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നതിന്

2005 ഓഗസ്റ്റ് ഏഴിന് രാവിലെയാണ് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊന്നത്. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ് കൊലപ്പെടുത്തിയത് എന്നാണ് കേസ്. 19 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന് ആറുമാസം മുമ്പും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറുമാസം കിടപ്പിലായി. കൊല്ലപ്പെടുമ്പോൾ 32 വയസ്സായിരുന്നു.

തുടക്കത്തില്‍ പത്തുപേരായിരുന്നു കേസിൽ​ പ്രതികൾ. പിന്നീട് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ രജീഷിന്‍റെ കുറ്റസമ്മത മൊഴി പ്രകാരം രജീഷിനെയും മനോരാജ് നാരായണനെയും കൂടി പ്രതിചേര്‍ക്കുകയായിരുന്നു.�

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!