
കോറോം നെല്ലിയാട്ട് വാഹന സൂക്ഷിപ്പു കേന്ദ്രത്തിനു സമീപമുണ്ടായ തീപിടിത്തം
പയ്യന്നൂർ: കോറോം നെല്ലിയാട്ട് ശനിയാഴ്ച രാവിലെ 11 ഓടെയുണ്ടായ തീപിടിത്തത്തിൽ നിരവധി ഏക്കർ സ്ഥലം കത്തി നശിച്ചു. ഇവിടെ പൊലീസ് കേസിൽപെട്ട വാഹനങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രത്തിനുസമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു തീപിടിത്തം. ഉണങ്ങിയ മുൾചെടികളും പുല്ലും നിറഞ്ഞ പാറ പ്രദേശമാണിവിടം. വാഹനങ്ങൾ സൂക്ഷിച്ച സ്ഥലത്തെത്തുന്നതിന് മുമ്പ് അഗ്നിരക്ഷസേന തീ കെടുത്തുകയായിരുന്നു.
സ്റ്റേഷൻ ഓഫിസർ പി.വി. പ്രകാശ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് തീയണച്ചത്. വെള്ളിയാഴ്ചയും ഇവിടെ തീ പിടിച്ചിരുന്നു. ആറേക്കറോളം സ്ഥലത്ത് പടർന്ന തീ അഞ്ച് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് അണച്ചത്. വാഹന സൂക്ഷിപ്പുകേന്ദ്രത്തിലേക്കും വെള്ളിയാഴ്ച തീ പടർന്നിരുന്നു. ചില വാഹനങ്ങൾക്കും തീ പിടിച്ചു.
അഗ്നിരക്ഷസേനയുടെ ഇടപെടൽ കൂടുതൽ വാഹനങ്ങളിലേക്ക് തീപടരാതിരിക്കാൻ കാരണമായി. തുടർച്ചയായുണ്ടാകുന്ന തീ പിടിത്തം നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.