
പേരാവൂർ: തേങ്ങ വിലകുതിക്കുന്നു, പക്ഷേ വില കുതിക്കുമ്പോഴും ഫലമില്ലാതെ കർഷകർ. തേങ്ങയുടെ വില റെക്കോഡ് തുകയിലാണിപ്പോൾ. എന്നാൽ, തേങ്ങ കിട്ടാനിെല്ലന്ന് വ്യാപാരികൾ. ചരിത്രത്തിൽ ഇടം നേടി തേങ്ങ വില കുതിച്ചുയരുന്ന അവസ്ഥയിൽ നിരാശയിലാണ് കർഷകർ. പച്ചത്തേങ്ങ പൊതിച്ചതിന് കിലോക്ക് 60 രൂപവരെ ആണ് വിപണിയിലെ ചില്ലറ വിൽപന വില. കഴിഞ്ഞ അഞ്ചു വർഷത്തിലേറെ 23 മുതൽ 27 രൂപ വരെ ആയിരുന്നു പച്ചത്തേങ്ങയുടെ വില. കഴിഞ്ഞ ഓണത്തിന് മുമ്പ് വരെ പച്ചത്തേങ്ങയുടെ വില 39 വരെ എത്തിയിരുന്നു. പിന്നീട് 47ലും എത്തി.
പിന്നീട് വില 40ലേക്ക് താഴ്ന്നിരുന്നു. തേങ്ങ കിട്ടാനില്ലാതായതോടെ റെക്കോഡ് തുകയിലേക്ക് ഉയരുകയാണ് ഉണ്ടായത്. കൊപ്രക്കും, കോട്ടത്തേങ്ങക്കും ഉൾപ്പെടെ വില വർധിച്ചിട്ടുണ്ട്. വെളിച്ചെണ്ണ വിലയും സമാന്തരമായി വർധിച്ചിട്ടുണ്ട്. 285 മുതൽ 320 വരെയാണ് വില. നിലവിലെ വില ഇനിയും വർധിക്കുമെന്നും തേങ്ങ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴെന്നും വ്യാപാരികൾ പറയുന്നു.
പച്ചത്തേങ്ങയാണെങ്കിൽ ഒട്ടുംതന്നെ കിട്ടാനില്ല. ഇത്തവണ പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായ തോതിൽ കുറഞ്ഞതിനാൽ വില ഇനിയും വർധിക്കും. തേങ്ങയുടെ വിലയിടിവ് കർഷകരെ വൻതോതിൽ പിന്നോട്ട് വലിച്ചിരുന്നു.