
പപ്പായ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ നിർവഹിക്കുന്നു
കൂത്തുപറമ്പ്: പപ്പായകൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ ഒരുകൂട്ടം കർഷകർ. ശ്രീമുത്തപ്പൻ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ശങ്കരനെല്ലൂർ വളയങ്ങാടൻ മടപ്പുരക്കു സമീപമാണ് കൃഷി ഇറക്കിയത്.
ഉൽപാദനക്ഷമത കൂടിയ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായയാണ് ഉണ്ടായിരുന്നത്. ഏത് കാലാവസ്ഥയിലും വിളവ് ലഭിക്കുമെന്നതാണ് റെഡ് ലേഡി പപ്പായയുടെ പ്രത്യേകത. വീട്ടുവളപ്പിൽ കൃഷി ചെയ്യാമെന്നതോടൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാനും യോജിച്ച വിളയാണ്.
പാകമായ പപ്പായ മാങ്ങാട്ടിടം കൃഷിഭവന്റെ വിപണന കേന്ദ്രങ്ങൾ വഴിയാണ് വിൽപന നടത്തുന്നത്. ഒരു പപ്പായ ചെടിയിൽനിന്ന് 60 മുതൽ 80 കിലോഗ്രാം വരെ പപ്പായ ലഭിക്കുന്നുണ്ട്. കിലോക്ക് 40 രൂപയാണ് വില.
കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ പ്രേമലത, പുഷ്പ, മനോജ് കുമാർ, രാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘം 300 ഓളം തൈകളാണ് നട്ടത്. വിളവെടുപ്പ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു .
വാർഡ് മെംബർ എൻ.കെ. ഷാജൻ അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ എ. സൗമ്യ പദ്ധതി വിശദീകരിച്ചു. കൃഷി അസി. ആർ. സന്തോഷ് കുമാർ, വി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.