
തലശ്ശേരി: ടെമ്പിൾ ഗേറ്റ് ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കായി സമാഹരിച്ച ഫണ്ട് എവിടെ എന്ന പൊതുപ്രവർത്തകന്റെ അന്വേഷണത്തിന് ദുരന്തത്തിന് ശേഷം 38 വർഷം പിന്നിട്ടിട്ടും മറുപടിയില്ല. ഇതു സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് പരാതിക്കാരനായ ബാലൻ കെ. ചമ്പാടിൽനിന്ന് തലശ്ശേരി പൊലീസ് ബുധനാഴ്ച മൊഴിയെടുത്തു. തലശ്ശേരി എ.എസ്.പി ഓഫിസിൽ വിളിച്ചുവരുത്തി വിശദ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്.
1986 ഫെബ്രുവരി 28ന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ റെയിൽ ദുരന്തം ടെമ്പിൾ ഗേറ്റ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഭവിച്ചത്. ജഗന്നാഥ ക്ഷേത്ര ഉത്സവ പള്ളിവേട്ടയോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് കാണാൻ റെയിൽവേ പ്ലാറ്റ്ഫോഫോമിലും പാളത്തിലുമായി കൂട്ടംകൂടി നിന്നവർക്കിടയിലേക്ക് തീവണ്ടി ഇരച്ചുകയറുകയായിരുന്നു.
ദുരന്തത്തിൽ 28 പേർ ചതഞ്ഞു മരിച്ചു. സംഭവത്തിന് ശേഷം ശ്രീനാരായണ ധർമസംഘം ഭാരവാഹികളുടെ യോഗത്തിലാണ് റെയിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകാൻ ഫണ്ട് സമാഹരിക്കാൻ തീരുമാനിച്ചത്. ഒരു പത്രം മുഖേനയായിരുന്നു സംഭാവനകൾ സ്വരൂപിച്ചത്. എന്നാൽ, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർക്കും ഇതുവരെ പ്രസ്തുത സഹായധനം ലഭിച്ചിട്ടില്ല.
ഫണ്ട് സമാഹരിച്ചതായി അന്നത്തെ ധർമസംഘം സമ്മതിച്ചിരുന്നു. കേസുകൾ ഉള്ളതിനാലാണ് ഫണ്ട് വിതരണം ചെയ്യാൻ കഴിയാതിരുന്നതെന്നും വിശദീകരണം പുറത്തുവന്നിരുന്നു. എവിടെ ഉണ്ടെന്നറിയാത്ത ഈ ഫണ്ടിനെ സംബന്ധിച്ചാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
ഫണ്ട് സ്വരൂപിച്ചതായി എല്ലാവർക്കുമറിയാമെങ്കിലും എത്ര പണം കിട്ടിയെന്നും ഇത് ആരുടെ കൈവശമാണുള്ളതെന്നും ആർക്കുമറിയില്ല. വിഷയം സംബന്ധിച്ച അന്വേഷണത്തിന് തങ്ങൾക്കൊന്നും അറിയില്ലെന്നാണ് നിലവിലുള്ള ജ്ഞാനോദയ യോഗം ഭാരവാഹികൾ പറഞ്ഞത്.