
കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കക്കുവ പുഴ വറ്റിവരണ്ട നിലയിൽ
കേളകം: വേനൽ മഴ കനിഞ്ഞിട്ടും കുടിവെള്ളം ഇല്ലാതെ വലഞ്ഞ് ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13ലെ കുടുംബങ്ങൾ. കുടിവെള്ള വിതരണം ആരംഭിച്ചെങ്കിലും കാര്യക്ഷമമല്ലെന്ന് പ്രദേശവാസികൾ പറയുന്നു. മിക്ക ബ്ലോക്കുകളിലും കുടിവെള്ള ക്ഷാമം നേരിടുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. പുഴയുടെ നടുക്ക് കുഴികുത്തിയും മറ്റുമാണ് പല കുടുംബങ്ങളും കുടിവെള്ളം ശേഖരിക്കുന്നത്. പ്രദേശത്തെ പുഴയും വറ്റിവരണ്ട നിലയിലാണ്.
പുനരധിവാസ മേഖലയിലെ എല്ലാ ബ്ലോക്കുകളിലും ജലനിധി പദ്ധതി ഉണ്ടെങ്കിലും ഇവയൊന്നും പ്രവർത്തനക്ഷമമല്ല. കോടികളുടെ കുടിവെള്ള പദ്ധതിയാണ് പുനരധിവാസ മേഖലയിൽ അധികൃതർ ശ്രദ്ധിക്കാതെ കാടുകയറി നശിക്കുന്നത്. മുൻ വർഷങ്ങളിലെല്ലാം ഗ്രാമപഞ്ചായത്തും ടി.ആർ.ഡി.എമ്മും വാഹനങ്ങളിൽ കുടിവെള്ളം എത്തിച്ചിരുന്നു.
ഈ വർഷം ഒരറിയിപ്പുമില്ലാതെ ഒരു ദിവസം മാത്രം കുടിവെള്ളം എത്തിച്ചതായി പതിമൂന്നാം ബ്ലോക്കിലെ താമസക്കാർ പറയുന്നു. അതാവട്ടെ മെയിൻ റോഡിലൂടെ മാത്രം വാഹനം കടന്നുപോവുകയും കുടുംബങ്ങൾക്ക് ആവശ്യത്തിനുള്ള വെള്ളം നൽകുന്നില്ല എന്നുമാണ് ഇവർ പറയുന്നത്. അറിയിപ്പ് ലഭിച്ചാൽ ജോലിയിൽനിന്ന് ലീവ് എടുത്തിട്ടാണെങ്കിലും വെള്ളം ശേഖരിക്കാൻ കഴിയുമെന്നാണ് സ്ത്രീകൾ പറയുന്നത്.
ഇതുസംബന്ധിച്ച് അധികൃതർക്ക് ഫോൺ ചെയ്താൽ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നു. ആനകളുടെ ഭീഷണി നിലനിൽക്കുന്ന ഇവിടെ കിലോമീറ്ററുകൾ നടന്ന് പുഴയിലെ കുഴിയിൽ നിന്നാണ് ഇവർ ഭക്ഷണം പാകംചെയ്യാനും കുടിക്കാനുമുള്ള വെള്ളം ശേഖരിക്കുന്നത്. മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആവശ്യമായ അടിയന്തര നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.