
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ
എൻ. ഷാജിത്ത് നിർവഹിക്കുന്നു
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആദ്യ ദിനത്തിൽ ഹജ്ജ് തീർഥാടകരുമായി പറന്നുയർന്നത് എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങൾ. ഞായറാഴ്ച പുലർച്ച നാലിനാണ് ആദ്യ വിമാനം പുറപ്പെട്ടത്. 82 സ്ത്രീകളും 88 പുരുഷന്മാരുമാണ് ആദ്യ വിമാനത്തിൽ യാത്രക്കാരായത്. രണ്ടാമത്തെ വിമാനം രാത്രി 7.30 ഓടെയാണ് കണ്ണൂരിൽനിന്ന് യാത്ര പുറപ്പെട്ടത്. 72 പുരുഷന്മാരും 98 സ്ത്രീകളുമാണ് രണ്ടാമത്തെ വിമാനത്തിൽ യാത്ര ചെയ്തത്. പരിശുദ്ധ ഹജ്ജ് കർമത്തിനായി രണ്ടു വിമാനത്തിലുമായി ആദ്യ ദിനം 340 ഹാജിമാരാണ് യാത്രതിരിച്ചത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു ഞായറാഴ്ച പുലർച്ച പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനം സംഘാടക സമിതി വർക്കിങ് ചെയർമാൻ കൂടിയായ മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
കിയാൽ എം.ഡി സി. ദിനേശ് കുമാർ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി. മുഹമ്മദ് റാഫി, ഒ.വി. ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, മുൻ എം.എൽ.എ എം.വി. ജയരാജൻ, എ.കെ.ജി ആശുപത്രി പ്രസിഡന്റ് പി. പുരുഷോത്തമൻ, ഹജ്ജ് സെൽ ഓഫിസറും പൊലീസ് സൂപ്രണ്ടുമായ എസ്. നജീബ്, ഹജ്ജ് ക്യാമ്പ് നോഡൽ ഓഫിസർ എം.സി.കെ. അബ്ദുൽ ഗഫൂർ എന്നിവരും ആദ്യ ഹജ്ജ് സംഘത്തെ യാത്രയയക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഞായറാഴ്ച പുലർച്ച 12ഓടെയാണ് ഹാജിമാരെ ഹജ്ജ് ക്യാമ്പിൽനിന്ന് വിമാനത്താവളത്തിൽ എത്തിച്ചത്. 3.45ന് ഫ്ലാഗ് ഓഫ് ചെയ്ത എയർ ഇന്ത്യ എക്സ് പ്രസ് വിമാനം നാലോടെ കണ്ണൂരിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘവുമായി പറന്നുയർന്നു. രാത്രി 7.30ഓടെയാണ് രണ്ടാമത്തെ സംഘത്തെ വഹിച്ചുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കണ്ണൂരിൽനിന്നും പുറപ്പെട്ടത്.
ഇന്നും നാളെയും വനിതകൾ മാത്രം
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കണ്ണൂരിൽനിന്ന് ഹജ്ജിന് പോകുന്നത് വനിതകൾ മാത്രം. രണ്ടു ദിവസവും പുലർച്ച നാലിനും രാത്രി 7.30നുമാണ് വിമാനം പുറപ്പെടുന്നത്. 170 വീതം സ്ത്രീകളായ തീർഥാടകരാണ് ഓരോ വിമാനത്തിലെയും യാത്രക്കാർ.