
കടുത്ത വേനലിലും നിറഞ്ഞു നിൽക്കുന്ന പഴശ്ശി ജല സംഭരണി
ഇരിട്ടി: കനത്ത വേനലിൽ നാടും നഗരവും വെന്തുരുകുമ്പോൾ കണ്ണിന് കുളിരാവുകയാണ് പഴശ്ശിജല സംഭരണി. ചെറുതും വലുതുമായ എല്ലാ ജലസ്രോതസ്സുകളും വരണ്ടുണങ്ങുമ്പോഴും പഴശ്ശിയുടെ സംഭരണ ശേഷിയിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നത് ജില്ല ഭരണകൂടത്തിന് വലിയ ആശ്വസമാണ്. ജില്ലയിലെ 30ലധികം പഞ്ചായത്തുകൾക്കും കണ്ണൂർ കോർപറേഷനും അഞ്ച് നഗരസഭകൾക്കും കുടിനീരു നൽകുന്നത് പഴശ്ശിയാണ്.
24.84 മീറ്റർ ജലമുണ്ട് സംഭരണിയിൽ. 26.52 മീറ്ററാണ് സംഭരണശേഷി. അഞ്ചുമാസമായി കനാൽ വഴിയും കുടിവെള്ള പദ്ധതിക്കുമായി വെള്ളമെടുത്തിട്ടും 1.68 മീറ്റർ വെളളമേ പദ്ധതിയിൽനിന്നും കുറഞ്ഞിട്ടുള്ളൂ. 18 മീറ്റർ വെള്ളം സംഭരണിയിൽ നിലനിർത്തണമെന്നാണ് ജല അതോറിറ്റിയും ജില്ല ഭരണകൂടവും നൽകിയ നിർദേശം.
ആറു വൻകിട കുടിവെള്ള പദ്ധതികൾക്കായി രാപകൽ വ്യത്യാസമില്ലാതെ പഴശ്ശിയിൽനിന്നും പമ്പിങ് നടക്കുന്നുണ്ടെങ്കിലും പുഴയിലേക്കുള്ള ശക്തമായ നീരോഴുക്ക് സംഭരണ ശേഷിയെ പിടിച്ചുനിർത്തുന്നു. കുറേ വർഷങ്ങൾക്ക് ശേഷം ഇക്കുറി ഏപ്രിൽ മാസവും കനൽവഴി വെള്ളം വിടാൻ കഴിഞ്ഞുവെന്ന പ്രത്യേകത കൂടി പഴശ്ശിക്കുണ്ട്.
പദ്ധതിയുടെ ഷട്ടറുകൾ നാലു വർഷം മുമ്പ് പുതുക്കിപ്പണിതതിലൂടെ വളപട്ടണം പുഴയിലേക്ക് ചോർച്ചയിലൂടെ പാഴായി പോകുന്ന വെള്ളത്തിന്റെ അളവിൽ വന്ന കുറവും സംഭരണ ശേഷിയെ പിടിച്ചു നിർത്തുന്നു. 1979ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ജലസേചന പദ്ധതി എന്ന നിലയിലാണ് പഴശ്ശിയെ നാടിന് സമർപ്പിച്ചത്. കഴിഞ്ഞ മൂന്ന് ബജറ്റുകളിലും പഴശ്ശി കനാൽ നവീകരണത്തിനായി 30 കോടിയോളം നീക്കിവെച്ച് നടത്തിയ പ്രവർത്തനം മൂലം ഇക്കുറി പറശ്ശിനിക്കടവ് നീർപ്പാലം വരേയും മാഹി ബ്രാഞ്ച് കനൽ വഴിയും വെള്ളം വീടാൻ കഴിഞ്ഞതും വലിയ നേട്ടമാണ്.
ജപ്പാൻ സഹായത്തോടെ നിർമിച്ച പട്ടുവം പദ്ധതി, കോളച്ചേരി പദ്ധതി, കീഴല്ലൂർ പദ്ധതി, കൂത്തുപറമ്പ് നഗരസഭ, പാട്യം പഞ്ചായത്ത് എന്നിവക്കുള്ള പദ്ധതി, അഞ്ചരക്കണ്ടി പദ്ധതി, ഇരിട്ടി, മട്ടന്നൂർ നഗരസഭകളിൽ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി ഇവയെല്ലാം പ്രവർത്തിക്കുന്നത് പഴശ്ശി സംഭരണിയിലാണ്. കൂടാതെ മറ്റ് ചെറുകിട കുടിവെള്ള പദ്ധതിക്കും പഴശ്ശിയിൽ നിന്നുതന്നെയാണ് വെള്ളം. ചെറുപുഴ, പെരിങ്ങോം വയക്കര, ഉദയഗിരി, ആലക്കോട്, പയ്യവൂർ, തുടങ്ങിയ പഞ്ചായത്തുകൾക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയും പഴശ്ശി പദ്ധതി പ്രദേശത്ത് പൂർത്തിയായി വരികയാണ്.