തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊല കേസില്‍ അഞ്ചു പ്രതികളെ മൂന്നു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നൽകി. ഒന്നാം പ്രതി നെട്ടൂര്‍ വെള്ളാടത്ത് ഹൗസില്‍ സുരേഷ് ബാബു എന്ന പാറായി ബാബു (47), സഹോദരീഭർത്താവ് രണ്ടാം പ്രതി നെട്ടൂര്‍ ചിറക്കക്കാവിനു സമീപം മുട്ടങ്കല്‍ ഹൗസിൽ ജാക്സണ്‍ വില്‍സൺ (28), മൂന്നാം പ്രതി നിട്ടൂർ വണ്ണത്താൻ വീട്ടിൽ കെ. നവീൻ (32), നാലാം പ്രതി വടക്കുമ്പാട് പാറക്കെട്ടിലെ സുഹറാസിൽ മുഹമ്മദ് ഫര്‍ഹാന്‍ (29), അഞ്ചാംപ്രതി പിണറായി പടന്നക്കരയിലെ വാഴയില്‍ വീട്ടില്‍ സുജിത്ത്കുമാര്‍ (45) എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ നൽകിയത്.
കേസിൽ ഏഴു പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ആറാം പ്രതി വടക്കുമ്പാട് പാറക്കെട്ടിലെ തേരെക്കാട്ട് വീട്ടിൽ പി. അരുണ്‍കുമാർ (38), ഏഴാം പ്രതി പിണറായി കിഴക്കുംഭാഗം പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38) എന്നിവരെ കഴിഞ്ഞയാഴ്ച ചോദ്യംചെയ്തിരുന്നു. മുഖ്യപ്രതി പാറായി ബാബുവിനെ രക്ഷപ്പെടാൻ സഹായിച്ചവരാണ് ഇരുവരും. കഴിഞ്ഞ 23ന് വൈകീട്ട് നാലിന് തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രിക്കു മുന്നിലാണ് നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണയില്‍ കെ. ഖാലിദ് (52), സഹോദരീഭര്‍ത്താവ് പൂവനാഴി ഷമീര്‍ (45) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്.