Tue. May 14th, 2024

പോലീസ് സ്റ്റേഷനരികെ കുത്തേറ്റ് ജി​ന്റോ രക്തംവാർന്ന് കിടന്നു; ഒടുവിൽ മരണത്തിന് കീഴടങ്ങി

By editor Jun5,2023 #crime #kannur news
പോലീസ്  സ്റ്റേഷനരികെ കുത്തേറ്റ് ജി​ന്റോ രക്തംവാർന്ന് കിടന്നു; ഒടുവിൽ മരണത്തിന് കീഴടങ്ങി

കണ്ണൂർ: നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെകുത്തേറ്റ ലോറി ഡ്രൈവർ മരിച്ചത് റോഡരികിൽ ചോരവാർന്ന്. കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കേത്ത് വി.ഡി. ജിന്‍റോയാണ് (39) കണ്ണൂർ പൊലീസ് ആസ്ഥാനത്തിനും പൊലീസ് സ്റ്റേഷനും സമീപം കണ്ണൂർ റെയില്‍വേ സ്റ്റേഷന്‍ കിഴക്കെ കവാടത്തിനരികിൽ മരിച്ചത്.

സ്റ്റേഡിയത്തിനുസമീപം നിർത്തിയിട്ട ലോറിയിൽ വിശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് അക്രമം. സംഭവത്തിൽ രണ്ടുപേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി പാതിരപ്പറ്റ കിളിയാറ്റുമ്മൽ ഹൗസിൽ അൽത്താഫ് (36), കാഞ്ഞങ്ങാട് സബ് ജയിൽ റോഡിലെ ഇസ്മായിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കതിരൂർ വേറ്റുമ്മൽ സ്വദേശി രയരോത്ത് ഹൗസിൽ ഷബീർ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും വിവിധ ജില്ലകളിൽ വധശ്രമം, മോഷണം, കഞ്ചാവ് കേസുകളിൽ പ്രതികളാണ്. എട്ടിലധികം കേസുകളിൽ പ്രതിയായ അൽത്താഫ് നാലുമാസം മുമ്പാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഇറങ്ങിയത്.

ഞായറാഴ്ച രാത്രി വൈകി ​എറണാകുളത്തുനിന്ന് കണ്ണൂരിൽ ഇറക്കാൻ കമ്പിയുമായി ലോറിയിലെത്തിയ ജിന്റോ സ്റ്റേഡിയത്തിനുസമീപം രാത്രി ലോറികൾ നിർത്തിയിടുന്ന സ്ഥലത്ത് വണ്ടിനിർത്തി വിശ്രമിക്കുകയായിരുന്നു. രാത്രി കണ്ണൂരിലെത്തിയ പ്രതികൾ പിടിച്ചുപറി ലക്ഷ്യമിട്ടാണ് ജിന്റോയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിരോധിക്കാൻ ശ്രമിച്ചതോടെ കത്തി ഉപ​യോഗിച്ച് കാലിൽ കുത്തി. കാബിനുള്ളില്‍ പിടിവലിയുണ്ടായതിന്‍റെ ലക്ഷണമുണ്ട്. സംഭവസമയത്ത് ലോറിയിൽ ജിന്റോ തനിച്ചായിരുന്നു. കാലിന്റെ പിറകുവശത്ത് കുത്തേറ്റതിനെത്തുടർന്ന് പ്രാണരക്ഷാർഥം പൊലീസ് സ്റ്റേഷൻ ഭാഗത്തേക്ക് ഇറങ്ങിയോടിയ ജിന്റോ റെയില്‍വേ സ്റ്റേഷന്‍ കിഴക്കെ കവാടത്തിനുസമീപം കുഴഞ്ഞുവീണു. വഴിയരികിലായതിനാൽ ആരുടെയും ശ്രദ്ധയിൽപെട്ടില്ല. ഏറെനേരം കഴിഞ്ഞ് ഇതുവഴി പോയ യാത്രക്കാര്‍ വിളിച്ചറിയിച്ച പ്രകാരം പൊലീസ് സ്ഥലത്തെത്തി അഗ്നിരക്ഷസേനയുടെ ആംബുലൻസിൽ ജില്ല ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രക്തം വാർന്ന് മരിച്ചിരുന്നു.

കാലിലെ ഞരമ്പിനേറ്റ പരിക്കാണ് മരണകാരണമായി കരുതുന്നത്. ശരീരത്തിൽ ക്ഷതമേറ്റ പാടുകളുമുണ്ട്. കുത്തിയവരെ കണ്ടെത്താനായി സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ച ശേഷം ടൗൺ ഇൻസ്​പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തിയശേഷമാണ് പ്രതികളെ പിടികൂടിയത്.

മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച രാവിലെ 11ന് പൂളക്കുറ്റി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. പൂളക്കുറ്റി വടക്കേത്ത് പരേതനായ ദേവസ്യ (ബേബി) -ഗ്രേസി ദമ്പതികളുടെ മകനാണ് ജിന്റോ. 20 വർഷമായി പൂളക്കുറ്റിയിൽ സ്വകാര്യ ബസിലും ലോറിയിലും ജീപ്പിലും ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.

ഭാര്യ: ലിതിയ. മകൻ: ഡേവിസ്. സഹോദരങ്ങൾ: വി.ഡി. ബിന്റോ (ആർ.എസ്.പി യുനൈറ്റഡ് സംസ്ഥാന ജനറൽ സെക്രട്ടറി), വിജി, ജിജി.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!