ന്യൂഡെൽഹി: ക്രിമിനൽ കേസുകളിലെ റിപ്പോർട്ടിങ്ങിന് രാജ്യത്ത് മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി. അച്ചടി-ദൃശ്യ-സാമൂഹിക മാദ്ധ്യമങ്ങൾക്കെല്ലാം ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദ്ദേശം ഉണ്ടാകണമെന്നാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നൽകിയ നിർദ്ദേശം. പോലീസ് മാദ്ധ്യമങ്ങൾക്ക് നൽകുന്ന വിവരങ്ങൾ ഊഹാപോഹങ്ങൾ വെച്ചുള്ള റിപ്പോർട്ടിങ്ങിന് കാരണമാകുന്നുവെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഇടപെടൽ.
പക്ഷപാതമായ റിപ്പോട്ടിങ് വ്യക്‌തികൾ കുറ്റം ചെയ്‌തുവെന്ന സംശയം പൊതുജനങ്ങളിൽ സൃഷ്‌ടിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേ വിഷയത്തിൽ 2017ലെ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം. സംസ്‌ഥാന ഡിജിപിമാരും ദേശീയ മനുഷ്യാവകാശ കമ്മീഷനും മറ്റുകക്ഷികളും നിർദ്ദേശങ്ങൾ നൽകണം. ഒരു മാസത്തിനകം ഇവർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
ഈ മാർഗനിർദ്ദേശങ്ങൾ കൂടി അടിസ്‌ഥാനമാക്കിയാകണം കേന്ദ്ര സർക്കാർ മാർഗനിർദ്ദേശം തയാറാക്കേണ്ടതെന്നും കോടതി വ്യക്‌തമാക്കി. മൂന്ന് മാസത്തിനകം കേന്ദ്രം മാർഗനിർദ്ദേശം തയ്യാറാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കുറ്റകൃത്യ അന്വേഷണത്തിലും റിപ്പോർട്ടിലും മാദ്ധ്യമങ്ങളോട് സംസാരിക്കാൻ നോഡൽ ഓഫീസർമാരെ നിയോഗിക്കണമെന്നും കോടതി അറിയിച്ചു. ക്രൈം റിപ്പോർട്ടിങ്ങിൽ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പോലീസ് വെളിപ്പെടുത്തൽ മാദ്ധ്യമ വിചാരണയിൽ കലാശിക്കരുതെന്നും കോടതി വ്യക്‌തമാക്കി. ദൃശ്യമാദ്ധ്യമങ്ങളുടെ കാലത്ത് ശൈലി മാറിയെന്നും മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. 2010ൽ ഇതുസംബന്ധിച്ചു ചില മാനദണ്ഡങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിരുന്നു. എന്നാൽ, റിപ്പോർട്ടിങ്ങിൽ നിന്ന് മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും വിവരങ്ങൾ കൈമാറുന്നത് പോലീസായതിനാൽ ഇതിൽ ചില നിയന്ത്രണമാകാമെന്നും അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പറഞ്ഞു.
ആശയങ്ങളും വാർത്തകളും നൽകാനുള്ള മാദ്ധ്യമങ്ങളുടെ അടിസ്‌ഥാനപരമായ അവകാശത്തിന്റെ പ്രശ്‌നവും വിഷയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, മാദ്ധ്യമ വിചാരണ അനുവദനീയമല്ല. ഇത് കേസിലെ പ്രതിയുടെയും പരാതിക്കാരുടെയും സ്വകാര്യത ലംഘിക്കുന്നതാണ്. അവർ പ്രായപൂർത്തിയാകാത്തവർ ആണെങ്കിൽ ഇത് ആശങ്കാജനകമാണെന്നും കോടതി അറിയിച്ചു.
വാർത്തകളും വിവരങ്ങളും അറിയുന്നതിന് ജനങ്ങൾക്കും അവകാശമുണ്ട്. എന്നാൽ, അന്വേഷണത്തിനിടെ സുപ്രധാനമായ തെളിവുകൾ പുറത്തുവന്നാൽ അത് അന്വേഷണത്തെ ബാധിക്കും. അന്വേഷണത്തിലിരിക്കുന്ന ഒരു കേസിൽ നിഷ്‌പക്ഷമായ അന്വേഷണത്തിനുള്ള അവകാശം കുറ്റാരോപിതനായ വ്യക്‌തിക്കുണ്ട്. കുറ്റാരോപിതനെ പ്രതിക്കൂട്ടിലാക്കിയ മാദ്ധ്യമ റിപ്പോർട്ടുകൾ അന്യായമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.