Thu. Nov 21st, 2024

നിപ; കോഴിക്കോട് ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം

നിപ; കോഴിക്കോട് ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം
നിപ; കോഴിക്കോട് ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം

തിരുവനന്തപുരം: നാല് പേർക്ക് നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈ മാസം 24 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക.

നിപ വൈറസ് ബാധയുടെ പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുമെന്നും, ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്നും യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കളക്‌ടറെ യോഗം ചുമതലപ്പെടുത്തി.

വെളളിയാഴ്‌ച കോഴിക്കോട് പ്രാദേശിക അവലോകന യോഗം ചേരും. മന്ത്രിമാരായ വീണ ജോർജും പിഎ മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുക്കും. നിപയുടെ പശ്‌ചാത്തലത്തിൽ ആരോഗ്യവകുപ്പ് പുതിയ ചികിൽസാ മാർഗരേഖ പുറത്തിറക്കി. രോഗികളുമായി നേരിട്ട് സമ്പർക്കമുള്ളവർക്ക് ക്വാറന്റീൻ നിർബന്ധമാണ്. പനിയുള്ളവർ ആശുപത്രികളിൽ ചികിൽസ തേടണം. ആശുപത്രികളിൽ അണുബാധ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

19 കമ്മിറ്റികൾ രൂപീകരിച്ചു നടത്തിയ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനം യോഗത്തിൽ നടത്തി. ഐസിഎംആർ വിമാന മാർഗം ആന്റിബോഡി എത്തിച്ചിട്ടുണ്ട്. നിപ ബാധിതരെന്ന് സ്‌ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇതുവരെ പരിശോധനക്കയച്ച 18 സാമ്പിളുകളിൽ മൂന്നെണ്ണം പോസിറ്റീവാണ്.

നിലവിൽ ആകെ 789 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 77 പേർ അതീവ ജാഗ്രതാ സമ്പർക്ക പട്ടികയിലാണ്. 157 ആരോഗ്യപ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. 13 പേർ മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ കഴിയുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില അതേപടി തുടരുകയാണ്.

യോഗത്തിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, എന്നിവർക്ക് പുറമെ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, കെ രാജൻ, എംബി രാജേഷ്, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി ഡോ. വി വേണു, കോഴിക്കോട് ജില്ലാ കളക്‌ടർ, റവന്യൂ, പോലീസ്, ആരോഗ്യവകുപ്പ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

Most Read| ക്രൈം റിപ്പോർട്ടിങ്; മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!