Tue. May 14th, 2024

ആറ് വയസുകാരിക്കായി വ്യാപക പരിശോധന; വാഹന, മൊബൈൽ നമ്പർ ഉടമകളെ കുറിച്ച് സൂചന

By Kannur News Nov27,2023 #crime #kannur news
ആറ് വയസുകാരിക്കായി വ്യാപക പരിശോധന; വാഹന, മൊബൈൽ നമ്പർ ഉടമകളെ കുറിച്ച് സൂചന

കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയെ കടത്തിയ വാഹന ഉടമയെയും, മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച മൊബൈൽ നമ്പർ ഉടമയെയും കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ തുടരുകയാണ്. സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നും പോലീസ് അറിയിച്ചു.

കുട്ടിയെ കണ്ടെത്താൻ സംസ്‌ഥാന വ്യാപകമായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. തട്ടിക്കൊണ്ടുപോയ സംഘം കേരളം വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ പോലീസ് ശക്‌തമായ വാഹന പരിശോധനയാണ് നടത്തുന്നത്. പ്രധാന റോഡുകൾ ഉൾപ്പടെ കാർ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ വഴികളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.

ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. കൂടാതെ, സംസ്‌ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും വ്യാപക അന്വേഷണത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. തമിഴ്‌നാട് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. സംഭവത്തിൽ കൃത്യമായ ആസൂത്രണം നടന്നതായാണ് പ്രാഥമിക വിവരം. ഈ കാർ മുമ്പും സ്‌ഥലത്ത്‌ കണ്ടതായാണ് വിവരം. കുട്ടിയെ കാണാതായതിന് പിന്നാലെ അമ്മയ്‌ക്ക് ഫോൺ കോൾ വന്നിരുന്നു. കുട്ടിയുടെ കൈയിൽ നിന്നാണ് അമ്മയുടെ നമ്പർ ലഭിച്ചതെന്നാണ് വിവരം. വൈകിട്ട് 7.45 ഓടെയാണ് ഫോൺ വന്നത്.

കുട്ടി ഞങ്ങളുടെ പക്കലുണ്ട്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകൂ എന്നായിരുന്നു ഫോണിൽ വിളിച്ചയാൾ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഈ നമ്പർ ശ്രമത്തിലാണ് പോലീസ്. വിളിച്ചത് ഒരു സ്‌ത്രീയാണ്‌. തട്ടിക്കൊണ്ടുപോയവർ മുഖമൂടി ധരിച്ചിരുന്നതായി കുട്ടിയുടെ സഹോദരൻ ജോനാഥൻ അറിയിച്ചു.

തന്നെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരനായ എട്ടുവയസുകാരൻ പറഞ്ഞു. ഇതിന്റെ ഭാഗമായി ജോനാഥന് ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ട്. നാലംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിൽ സ്‌ത്രീയുമുണ്ട്. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയേയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകിട്ട് നാലുമണിയോടെ ഓയൂർ മരുതമൺ പള്ളിക്ക് സമീപമാണ് സംഭവം. സഹോദരനൊപ്പം ട്യൂഷന് പോകവേയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!