തലശ്ശേരി: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ നഗരസഭ സ്റ്റേഡിയം കെട്ടിടത്തിലെ ജലസംഭരണിയിൽ ഡിസംബർ 26ന് യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ടി. സജിത്താണ് ഈ ആവശ്യമുന്നയിച്ചത്.
സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗങ്ങളായ തലശ്ശേരി എം.എൽ.എ, സബ് കലക്ടർ, നഗരസഭ ചെയർപേഴ്സൻ, സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ നരഹത്യ കുറ്റത്തിന് കേസെടുക്കാനും ഉത്തരവാദികളായ അംഗങ്ങളിൽനിന്ന് മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഈടാക്കണമെന്നും സജിത്ത് യോഗത്തിൽ ആവശ്യപ്പെട്ടു.
സ്റ്റേഡിയം നിർമാണത്തിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഏഴുമാസമായി നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. പ്ലാനും പെർമിറ്റുമില്ലാതെയാണ് സ്റ്റേഡിയം കെട്ടിടം പ്രവർത്തിച്ചുവരുന്നതെന്നും സജിത്ത് ചൂണ്ടിക്കാട്ടി.
പന്ന്യന്ന്യൂർ പഞ്ചായത്ത് പ്രസിഡന്റ് എ. അശോകൻ അധ്യക്ഷത വഹിച്ചു. എൻ. മഹമൂദ്, വി.സി. പ്രസാദ്, അഡ്വ. കെ. ഗോപാലൻ, വർക്കി വട്ടപ്പാറ, രമേശൻ, തഹസിൽദാർ കെ. ഷീബ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ആരും കുടുംബത്തെ സഹായിക്കാൻ എത്തിയില്ല; മുങ്ങിമരിച്ച യുവാവിന്റെ കുടുംബത്തിന് അവഗണന
തലശ്ശേരി: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ സ്റ്റേഡിയം കെട്ടിടത്തിന് മുകളിലെ അഗ്നിരക്ഷസേനയുടെ തുറന്നിട്ട ജലസംഭരണിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കുടുംബത്തെ അധികൃതരാരും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി. ഇലക്ട്രീഷ്യനായ പാനൂർ നൂഞ്ഞമ്പ്രം പടിഞ്ഞാറെ കുങ്കച്ചിന്റവിട സജിൻ കുമാറാണ് (24) ഡിസംബർ 26ന് പുലർച്ച 20 അടി ഉയരമുള്ള ജലസംഭരണിയിൽ വീണുമരിച്ചത്. മുഖ്യമന്ത്രി, ഡി.ജി.പി എന്നിവരടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നിരാലംബരായ കുടുംബത്തെ തീർത്തും അവഗണിക്കുകയാണുണ്ടായതെന്ന് പൊതുപ്രവർത്തകനായ തലശ്ശേരി കാവുംഭാഗം വാവാച്ചിമുക്ക് സ്വദേശി കെ.എം. രഘുനാഥ് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സ്റ്റേഡിയം മതിലിനോട് ചേർന്നുളള പ്രത്യേക കെട്ടിടത്തിന് മുകളിൽ അഗ്നിരക്ഷസേനയുടെ ജലസംഭരണിയിലാണ് അപകടമുണ്ടായത്. സ്റ്റേഡിയത്തിൽ യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് സംഘടിപ്പിച്ചിരുന്ന സ്പോർട്സ് കാർണിവലിന്റെ ഭാഗമായുള്ള അലങ്കാര ജോലിക്കെത്തിയതായിരുന്നു സജിൻ കുമാർ. ഗോവണിയിലൂടെ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് മൂടിയില്ലാത്ത ടാങ്കിൽ വീഴുകയായിരുന്നു. അർധരാത്രിയായതിനാൽ യുവാവ് കെട്ടിടത്തിൽ കയറുന്നത് കൂടെ ജോലി ചെയ്യുന്നവരാരും ശ്രദ്ധിച്ചിരുന്നില്ല. തലശ്ശേരി മഞ്ഞോടിയിലെ എസ്.എൻ.എസ് സൗണ്ട്സിലെ ജീവനക്കാരനായിരുന്നു.
സംഭവത്തിന്റെ തലേന്ന് വൈകീട്ടാണ് സജിൻ കുമാറും സഹപ്രവർത്തകരും സ്റ്റേഡിയത്തിൽ അലങ്കാര ജോലിക്കെത്തിയത്. ദീപാലങ്കാരം നടത്തിയ ശേഷമാണ് ജലസംഭരണിയുളള കെട്ടിടത്തിന് മുകളിലേക്ക് യുവാവ് കയറിയത്. രണ്ട് മൂടികളുളളതാണ് ജലസംഭരണി. ഇവയിൽ ഒന്ന് തുറന്നിട്ട നിലയിലായിരുന്നു. ഏറെ വൈകിയിട്ടും സജിൻ കുമാറിനെ കാണാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
നിർധന കുടുംബത്തിന്റെ ആശ്രയമായിരുന്നു സജിൻ കുമാർ. അമ്മ ചന്ദ്രി ശാരീരിക അവശതയിലാണ്. അച്ഛൻ സുനിൽ കുമാർ കൂലിവേല ചെയ്താണ് കുടുംബം പുലർത്തുന്നത്. അപകട മരണം സംഭവിച്ച് 10 ദിവസം പിന്നിട്ടിട്ടും ഉത്തരവാദപ്പെട്ടവർ ആരും കുടുംബത്തെ സഹായിക്കാൻ എത്തിയില്ലെന്ന് രഘുനാഥ് പറഞ്ഞു. ഡി.ജി.പി, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും സ്ഥലം പൊലീസ് പോലും വിവരം അന്വേഷിക്കാൻ സജിൻ കുമാറിന്റെ വീട്ടിലെത്തിയില്ല. യുവാവിന്റെ നിരാലംബമായ കുടുംബത്തിന് ബന്ധപ്പെട്ടവർ അർഹമായ നഷ്ടപരിഹാരം അനുവദിക്കണം. അധികൃതരാരും തിരിഞ്ഞു നോക്കുന്നില്ലെങ്കിൽ കുടുംബത്തെ സഹായിക്കാൻ പൊതുജനങ്ങളെ സമീപിച്ച് സാമ്പത്തിക സമാഹരണം നടത്തുമെന്നും രഘുനാഥ് അറിയിച്ചു.