തലശ്ശേരി: ജീവിതം തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദമായിരുന്നു നൗഫലിന്റെയും ജലാലുവിന്റെയും മുഖത്ത്. മഴയോടൊപ്പം ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ നടുക്കടലിൽ കുടുങ്ങിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങൾ… അർധരാത്രിയുടെ ഇരുണ്ട അന്തരീക്ഷത്തിൽ ഒന്നും ചെയ്യാനാവാതെ മനസ്സുരുകി പ്രാർഥിക്കുകയായിരുന്നു അവർ. ഒടുവിൽ ദൈവദൂതനെ പോലെ തീരദേശ പൊലീസ് അവരുടെ രക്ഷക്കെത്തി…
മത്സ്യബന്ധന യാനത്തിൽ നിന്നും ജീവിതം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലപ്പുറം ജില്ലയിലെ താനൂർ ഉണ്ണിയാൽ സ്വദേശികളായ കുട്ടിയേച്ചന്റെ പുരക്കൽ ഹൗസിൽ നൗഫലും കൊണ്ടാരന്റെ പുരക്കൽ ജലാലും. ജീവിതത്തിലേക്ക് തങ്ങളെ തിരികെ കൈപിടിച്ച് എത്തിച്ച തീരദേശ പൊലീസിനും മത്സ്യത്തൊഴിലാളികൾക്കും നന്ദി പറഞ്ഞാണ് ഇരുവരും തലശ്ശേരിയിൽ നിന്നും മടങ്ങിയത്.
വർഷങ്ങളായി മേഖലയിൽ പ്രവർത്തിക്കുന്ന തങ്ങൾക്ക് ഇത്തരം ഒരു അനുഭവം ആദ്യമായാണെന്നും ജീവിതം അവസാനിച്ചു എന്ന് കരുതിയ ഇടത്ത് നിന്ന് തിരികെ തന്നത് തീരദേശ പൊലീസാണെന്നും നൗഫലും ജലാലും പറഞ്ഞു. കടലിൽ നിന്നും ഒഴുകിപ്പോയ യാനം വടകര ചോമ്പാല ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.
വ്യാഴാഴ്ചയായിരുന്നു തലശ്ശേരിയിൽ മത്സ്യബന്ധന യാനം കടൽക്ഷോഭത്തെ തുടർന്ന് കടലിൽ കുടുങ്ങിയത്. രാവിലെ ഏഴ് മണിയോടെയാണ് നൗഫലും ജലാലും കാഞ്ഞങ്ങാട് നിന്ന് മത്സ്യബന്ധന യാനത്തിൽ മലപ്പുറം ജില്ലയിലെ തിരൂരിലേക്ക് യാത്രതിരിച്ചത്. കണ്ണൂർ ആയിക്കര ഭാഗത്തെത്തിയപ്പോൾ സമയം 11.30. കടലിന്റെ സ്ഥിതി മാറി. കടൽ പ്രക്ഷുബ്ധമായി. ശക്തമായ തിരയിൽപ്പെട്ട് യാനം കരക്കടുപ്പിക്കാൻ ശ്രമിച്ചെങ്കിലും തിരയിൽപ്പെട്ട് യാനത്തിന്റെ നിയന്ത്രണം നഷ്ടമായി തലശ്ശേരി ഭാഗത്തേക്ക് നീങ്ങി.
ഉച്ചയോടെ കടലിൽ നിന്ന് തിരികെ വരികയായിരുന്ന തൊഴിലാളികൾ ഇക്കാര്യം കോസ്റ്റൽ പൊലീസിനെ അറിയിച്ചു. കോസ്റ്റൽ പൊലീസ് രണ്ടുതവണ കുടുങ്ങിക്കിടന്ന ബോട്ടിനരികെ എത്താൻ ശ്രമിച്ചെങ്കിലും ഉയർന്നുവന്ന തിരമാലകൾ തടസമായി. രാത്രി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും അന്തരീക്ഷം മോശമായതിനാൽ തിരിച്ചുപോയി.
തലശ്ശേരി കോസ്റ്റൽ പൊലീസ് നടത്തിയ അവസാനവട്ട ശ്രമത്തിലൂടെയാണ് രണ്ട് മത്സ്യ തൊഴിലാളികളെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. പതിവിലും കൂടുതലായി കടൽ പ്രക്ഷുബ്ധമായ ഘട്ടത്തിലും സ്വന്തം ജീവൻ പണയം വെച്ചാണ് രക്ഷാപ്രവർത്തനമെന്ന് തീരദേശ പൊലീസ് സി.ഐ പി. ശ്രീകുമാർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്ന ഒരോരുത്തരെയും കണ്ട് യാത്ര പറഞ്ഞാണ് നൗഫലും ജലാലും നാട്ടിലേക്ക് മടങ്ങിയത്.