പഴയങ്ങാടി: അടിക്കടി അപകടങ്ങൾ ആവർത്തിക്കുന്ന പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ കുഴികളടച്ചുള്ള അറ്റകുറ്റപ്പണികൾ തുടങ്ങി. റോഡിന്റെ ഉപരിതലം മിനുക്കുന്നതിന് 15.21 കോടി രൂപ നേരത്തെ സർക്കാർ അനുവദിച്ചിരുന്നു. ഇതിന്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നു എം.എൽ.എ പറഞ്ഞു. എന്നാൽ റോഡിന്റെ എല്ലാ ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനയാത്രക്കാരും ജനങ്ങളും ദുരിതത്തിലാണ്. ഇതേ തുടർന്നാണ് റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി താൽകാലിക അറ്റകുറ്റ പ്രവൃത്തിക്ക് അനുമതി നേടിയത്. 15.21 കോടി രൂപ അനുവദിച്ച പദ്ധതി നടപ്പിലാവുന്നതോടെ 21കി.മി റോഡ് നവീകരിക്കുന്നതോടൊപ്പം എഴ് വർഷത്തെ റോഡ് പരിപാലനം ഉൾപ്പടെയുള്ള പദ്ധതികൾ പ്രാവർത്തികമാവും. നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തികരിച്ച് കാലവർഷത്തിനു ശേഷം ടാറിങ് ആരംഭിക്കാൻ സാധിക്കുമെന്ന് എം. വിജിൻ എം.എൽ.എ എം.എൽ.എ അറിയിച്ചു.