പേരാവൂർ: വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ ജന്മനാട്ടിൽ വോളിബാളിൽ പുതുവസന്തം തീർത്ത് ജിമ്മി ജോർജ് അക്കാദമി. ലോക വോളിബാൾ രാജകുമാരൻ ജിമ്മി ജോർജ് പിറന്ന നാട്ടിൽ വോളിബാളിന്റെ സാധ്യതകളും അവസരങ്ങളും മങ്ങി ത്തുടങ്ങിയപ്പോൾ മികച്ച പരിശീലന കേന്ദ്രങ്ങൾ കയ്യൊഴിഞ്ഞ, മികവും കഴിവുമുള്ളവരെ ചേർത്തു പിടിച്ച് വോളിബാളിൽ പുതുവസന്തം തീർത്തിരിക്കുകയാണ് ജിമ്മി ജോർജ് വോളിബാൾ അക്കാദമി. 2017 ലാണ് ജിമ്മി ജോർജിന്റെ സഹോദരനും മുൻ കേരള ക്യാപ്റ്റനുമായ സെബാസ്റ്റ്യൻ ജോർജും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജും ബോബി ജോർജ് ഉൾപ്പെടെയുള്ള മറ്റു സഹോദരങ്ങളും ചേർന്ന് ജിമ്മി ജോർജ് അക്കാദമിക്ക് രൂപം നൽകുന്നത്. ആ വർഷം ഒമ്പത് കുട്ടികളാണ് പരിശീലനത്തിനുണ്ടായത്. 2024ൽ ഒരു ഇന്റർ നാഷനൽ കളിക്കാരനെയും നിരവധി ദേശീയ താരങ്ങളെയും സ്റ്റേറ്റ് താരങ്ങളെയും വാർത്തെടുക്കാൻ അക്കാദമിക്ക് കഴിഞ്ഞു .
2023ൽ അർജന്റീനയിൽ നടന്ന അണ്ടർ 19 വേൾഡ് ചാമ്പ്യൻഷിപ്പിൽ അക്കാദമിയിൽ പരിശീലനം ലഭിച്ച നിക്കോളാസ് ചാക്കോക്ക് പങ്കെടുക്കാൻ കഴിഞ്ഞു എന്നത് അക്കാദമിയുടെ മികച്ച നേട്ടമാണ്. അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കാണ് ഇവിടെ പരിശീലനം നൽകുന്നത്. അക്കാദമി തുടങ്ങിയ ശേഷം സ്റ്റേറ്റ് ചാമ്പ്യൻഷിപ്പുകളിൽ 52 കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. സ്കൂൾ നാഷനൽ മത്സരങ്ങളിൽ 13 കുട്ടികളും പങ്കെടുത്തു. ഇവിടെ പരിശീലനം ലഭിച്ച ശേഷം ഉയർന്ന പഠനത്തിന് ചേർന്ന വിദ്യാർഥികളിൽ ആറ് പേർക്ക് സർവകലാശാല ടീമുകളിൽ അംഗമാകാൻ കഴിഞ്ഞു. ഇവിടെ പരിശീലനം ലഭിച്ച കുട്ടികളിൽ 13 പേർക്ക് ഇന്ത്യൻ ആർമിയിൽ സ്പോർട്സ് ക്വാട്ടയിൽ ജോലിയും ലഭിച്ചിട്ടുണ്ട്.
ഗവൺമെന്റ് തലത്തിൽ നടത്തുന്ന സൗജന്യ പരിശീലനത്തിന് അവസരം ലഭ്യമാകാതെ സംസ്ഥാനത്തിന്റെ മലയോര പ്രദേശങ്ങളിൽ നിന്ന് ഇവിടേക്ക് പരിശീലനത്തിന് എത്തുന്ന കുട്ടികൾക്ക് താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അക്കാദമിയുടെതന്നെ തൊണ്ടിയിലുള്ള സ്ഥലത്ത് നാല് കളിക്കളങ്ങളിൽ രാവിലെ ആറ് മുതൽ എട്ട് വരെയും വൈകീട്ട് നാലര മുതൽ ആറരവരെയുമാണ് പരിശീലനം. ചെറിയ ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിവുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സൗജന്യ പരിശീലനവുമുണ്ട്. ഇന്ത്യൻ ആർമിയുടെ ബീച്ച് വോളിബാൾ ടീമിന്റെ കോച്ചായി വിരമിച്ച കെ.ജെ. സെബാസ്റ്റ്യൻ (അപ്പ)യാണ് അക്കാദമിയുടെ മുഖ്യ കോച്ച്. മുൻ ആർമി താരമായിരുന്ന ബിനു ജോർജാണ് മറ്റൊരു പരിശീലകൻ. കുട്ടികളുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതും സൗകര്യങ്ങൾ ഉറപ്പാക്കുന്നതും തൊണ്ടിയിൽ സ്വദേശി ബെന്നി ഫ്രാൻസിസാണ്.
സ്പോർട്സ് കൗൺസിൽ നടത്തുന്ന സംസ്ഥാന സ്കൂൾ വോളിബാൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 19, 17, 14 വിഭാഗത്തിൽ കണ്ണൂർ ജില്ലക്ക് വേണ്ടി മത്സരിക്കാൻ നിരവധി താരങ്ങൾ അക്കാദമിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന അണ്ടർ 14 ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ട് വർഷം കിരീടം ലഭിച്ചപ്പോൾ എട്ട് കുട്ടികളാണ് അക്കാദമിയിൽ നിന്ന് ടീം അംഗങ്ങളായി ഉണ്ടായിരുന്നത്.
ജിമ്മി ജോർജിന്റെ കാലത്ത് ഒരു വികാരമായി കൊണ്ടുനടന്നിരുന്ന മലയോരത്ത് 1990 മുതൽ വോളിബാളിന് മങ്ങലേറ്റ് തുടങ്ങിയിരുന്നു. 2006 ൽ കെ.കെ. ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പേരാവൂർ കേന്ദ്രീകരിച്ച് ഒരു വോളിബാൾ ടീം ഉണ്ടാക്കുകയും 2012 വരെ ഈ ടീം സജീവമാകുകയും ചെയ്തു. ഈ ടീമിന്റെയും പരിശീലകനായിരുന്നു പ്രദേശവാസികൂടിയായ കെ.ജെ. സെബാസ്റ്റ്യൻ. തൊണ്ടിയിൽ കേന്ദ്രീകരിച്ചുള്ള ഈ ടീമിന്റെ ദിവസേനയുള്ള പരിശീലനത്തിലും മത്സരങ്ങളിലും നാട്ടുകാരും താൽപര്യമുള്ള കുട്ടികളും എത്തിയതോടെയാണ് മലയോരത്ത് വോളിബാൾ വീണ്ടും സജീവമായത്. ഇതോടെയാണ് സെബാസ്റ്റ്യൻ ജോർജ് ചെയർമാനായി ജിമ്മി ജോർജ് സ്പോർട്സ് ഫൗണ്ടേഷൻ രൂപവത്കരിച്ച് കുട്ടികൾക്ക് വോളിബാൾ പരിശീലനം നൽകാൻ തുടങ്ങിയത്. ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 39 കുട്ടികൾ അക്കാദമിക്ക് കീഴിൽ താമസിച്ചും സമീപ പ്രദേശത്തെ 20 കുട്ടികൾ ദിനേന എത്തിയും അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട്.