ന്യൂഡല്‍ഹി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി. പ്രതികള്‍ക്ക് സി.പി.എമ്മുമായുള്ള അടുത്തബന്ധം കേരള പൊലീസ് അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവര്‍ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസുമാരായ ബി.ആര്. ഗവായ്, കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
അന്തിമ അന്വേഷണ റിപ്പോർട്ടും കുറ്റപത്രവും സമർപ്പിച്ച കേസിൽ സി.ബി.ഐ അന്വേഷണ ആവശ്യം അംഗീകരിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഇപ്പോൾ പ്രതികളല്ലാത്ത ആർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് വിചാരണവേളയിൽ തെളിഞ്ഞാൽ അവർക്കെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കാമെന്നും ബെഞ്ച് കുട്ടിച്ചേർത്തു.
കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരെ പ്രതികളാക്കാതെയാണ് അന്തിമ അന്വേഷണ റിപ്പോർട്ടും കുറ്റപത്രവും സമർപ്പിച്ചതെന്ന് ശുഹൈബിന്റെ മാതാപിതാക്കൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരിയും അഡ്വ. എം.ആര്. രമേശ് ബാബുവും വാദിച്ചെങ്കിലും സി.ബി.ഐ അന്വേഷണമില്ലെന്ന നിലപാട് മാറ്റാൻ ബെഞ്ച് തയാറായില്ല.
അന്തിമ കുറ്റപത്രം സമർപ്പിച്ച കേസിൽ അത്യസാധാരണ സാഹചര്യങ്ങളുണ്ടെങ്കിൽ മാത്രമേ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാവൂവെന്ന് സുപ്രീംകോടതി വിധി ഉദ്ധരിച്ച് സംസ്ഥാന സര്‍ക്കാറിന് വേണ്ടി സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവരുടെ വാദം ബെഞ്ച് അംഗീകരിച്ചു.
ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ കുറ്റപത്രം സമര്‍പ്പിച്ചിട്ടും വിചാരണ ആരംഭിക്കാനായില്ലെന്നും അവർ വാദിച്ചു.