കേളകം: ആറളം പുനരധിവാസ മേഖലയിൽ നിർമിക്കുന്ന ആനമതിലിന്റെ പ്രവൃത്തി മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കണമെന്ന് പട്ടികജാതി-വർഗ കമീഷന്റെ നിർദേശം. കമീഷൻ ഫാമിൽ നടത്തിയ സിറ്റിങ്ങിലാണ് കർശന നിലപാട് ആവർത്തിച്ചത്. ആറളം ഫാമിലും പുനരധിവാസ മേഖലയിലും രൂക്ഷമായി തുടരുന്ന കാട്ടാന ശല്യം തടയാൻ മതിലിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കാൻ കമീഷൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. കൂടാതെ പുനരധിവാസ മേഖലയിൽ നബാർഡ് ധനസഹായത്തോടെ പൂർത്തിയാക്കിയ 22 കെട്ടിടങ്ങൾ ഉടൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി പ്രവർത്തനക്ഷമമാക്കാനും കമീഷൻ നിർദേശിച്ചു .
ഒരു വർഷം മുമ്പ് പ്രവൃത്തി ആരംഭിച്ച 10.50 കിലോമീറ്റർ ആനമതിൽ രണ്ട് റീച്ചുകളിലായി നാലു കിലോമീറ്റർ ദൂരം പ്രവൃത്തിയാരംഭിച്ചെങ്കിലും രണ്ടു കിലോമീറ്റർ പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. കഴിഞ്ഞ ജൂൺ 15ന് 3.5 കിലോമീറ്റർ പൂർത്തിയാക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും പൂർത്തിയാകാത്ത സാഹചര്യത്തിൽ ഒക്ടോബർ 15 നുള്ളിൽ ആദ്യം നിർദേശിച്ച 3.5 കിലോമീറ്റർ മതിൽ പൂർത്തിയാക്കണമെന്നും അവശേഷിച്ച ഏഴു കിലോമീറ്റർ ദൂരം മാർച്ച് 31നുള്ളിൽ പൂർത്തിയാക്കണമെന്നുമാണ് കമീഷന്റെ നിർദേശം.
മതിൽ നിർമാണം ആരംഭിക്കാനുള്ള വളയംചാൽ മുതൽ പുളിമരം തട്ട് വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരത്തിൽ മുറിച്ചുമാറ്റേണ്ട 164 മരങ്ങൾക്ക് സോഷ്യൽ ഫോറസ്ട്രി വിഭാഗം വില നിർണയം വൈകുന്നതും മതിലിന്റെ അലൈന്മെന്റിൽ വന്ന മാറ്റം ഉൾപ്പെടെ ചർച്ചയായി. വില നിർണയം വേഗത്തിലാക്കണമെന്നും വകുപ്പിനോട് കമീഷൻ നിർദേശിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഐ.ടി.ഡി.പി ജില്ല പ്രൊജക്ട് ഓഫിസർ വിനോദ്കുമാർ, ആറളം ഫാം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡോ. കെ.പി. നിധിഷ് കുമാർ, ആറളം ഫാം ആദിവാസി പുനരധിവാസ മിഷൻ സൈറ്റ് മാനേജർ സി. ഷൈജു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, പഞ്ചായത്ത് ഫാം വാർഡ് അംഗം മിനി ദിനേശൻ എന്നിവരും വിവിധ പ്രതിനിധികളും പങ്കെടുത്തു.