Sat. Nov 23rd, 2024

അഭിഗേലിനായി വ്യാപക തിരച്ചിൽ; തിരുവനന്തപുരത്ത് മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ

അഭിഗേലിനായി വ്യാപക തിരച്ചിൽ; തിരുവനന്തപുരത്ത് മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംസ്‌ഥാനത്താകെ വ്യാപക അന്വേഷണം. ആറുവയസുകാരി അഭിഗേൽ സാറയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയിൽ സ്‌ത്രീക്കൊപ്പം എത്തിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രമാണ് പോലീസ് പുറത്തുവിട്ടത്.

അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി സ്‌പർജൻ കുമാർ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ടുപേരെ ശ്രീകണ്‌ഠേശ്വരത്ത് നിന്നും ഒരാളെ ശ്രീകാര്യത്തുനിന്നുമാണ് കസ്‌റ്റഡിയിൽ എടുത്തത്. ശ്രീകാര്യത്ത് നിന്ന് കസ്‌റ്റഡിയിലെടുത്ത ആളുമായി എത്തിയാണ് മാറ്റുരണ്ടുപേരെ കസ്‌റ്റഡിയിൽ എടുത്തത്. കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്‌ഥാനത്തിലാണ് മൂന്ന് പേരും പിടിയിലായതെന്നാണ് വിവരം.

ശ്രീകണ്‌ഠേശ്വരത്ത് കാർ വാഷിങ് സെന്ററിൽ പോലീസ് പരിശോധന നടത്തിയിരുന്നു. കസ്‌റ്റഡിയിൽ ഒരാൾ കാർ വാഷിങ് സെന്ററിന്റെ ഉടമയാണെന്നാണ് വിവരം. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോകവേയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

പിന്നാലെ കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോൺ കോൾ വന്നിരുന്നു. അഞ്ചുലക്ഷം നൽകിയാൽ കുട്ടിയെ വിട്ടുതരാമെന്നായിരുന്നു ഫോണിലൂടെ പറഞ്ഞിരുന്നത്. പിന്നീട് വീണ്ടും വിളിച്ചു പത്ത് ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അപ്പൂപ്പൻപാറയിലെ ക്വാറിയിലുൾപ്പടെ സമീപ പ്രദേശങ്ങളിലെ ക്വാറികളും തിരച്ചിൽ നടത്തി.

വേളമാനൂരിലെ വീടുകളിലടക്കം ആളൊഴിഞ്ഞ ഇടങ്ങളിൽ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുലർച്ചെയും തിരച്ചിൽ തുടരുകയാണ്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ വിളിക്കുക: 9946923282, 9495578999, 112.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!