Thu. Nov 21st, 2024

സംഘം ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജം; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സംഘം ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജം; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘം സഞ്ചരിച്ച കാറിന്റെ നമ്പർ വ്യാജമെന്ന് സ്‌ഥിരീകരിച്ചു പോലീസ്. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ പരിശോധനകൾ നടക്കുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ പുതിയ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൊല്ലം വേളമാനൂരിലൂടെ കാർ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.

വേളമാനൂരിലെ ഒരു വീടിന്റെ സിസിടിവി ക്യാമറയിലാണ് കാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. തട്ടിക്കൊണ്ടുപോയ സ്‌ഥലത്ത്‌ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ഈ വീട്. പ്രദേശത്തെ വീടുകളിലടക്കം ആളൊഴിഞ്ഞ ഇടങ്ങളിൽ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നു. കാർ കല്ലുവാതുക്കളിലൂടെ കടന്നുപോകുന്നതിന് ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

പാരിപ്പള്ളിയിലെ കടയിൽ സ്‌ത്രീക്കൊപ്പം എത്തിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രമാണ് പോലീസ് പുറത്തുവിട്ടത്. നേരത്തെ പുറത്തുവിട്ടതിനേക്കാൾ കൂടുതൽ വ്യക്‌തതയുള്ള ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടത്. കുട്ടിയെ കാണാതായിട്ട് 18 മണിക്കൂർ പിന്നിട്ടിട്ടും തട്ടിപ്പ് സംഘത്തെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. സംസ്‌ഥാന പോലീസ് സേന ഒന്നടങ്കം മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് രാത്രി മുഴുവൻ മുക്കും മൂലയും അരിച്ചു പെറുക്കിയിട്ടും പ്രതികൾ ആരെന്ന സൂചനപോലും ലഭിച്ചിട്ടില്ല.

അതേസമയം, തിരുവനന്തപുരത്ത് നിന്ന് കസ്‌റ്റഡിയിഎടുത്ത മൂന്ന് പേരെ പോലീസ് വിട്ടയക്കുമെന്നാണ് വിവരം. ഇവർക്ക് കേസിൽ ബന്ധമില്ലെന്നാണ് വിലയിരുത്തൽ. രണ്ടുപേരെ ശ്രീകണ്‌ഠേശ്വരത്ത് നിന്നും ഒരാളെ ശ്രീകാര്യത്തുനിന്നുമാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോകവേയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതത്.

പിന്നാലെ കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോൺ കോൾ വന്നിരുന്നു. അഞ്ചുലക്ഷം നൽകിയാൽ കുട്ടിയെ വിട്ടുതരാമെന്നായിരുന്നു ഫോണിലൂടെ പറഞ്ഞിരുന്നത്. പിന്നീട് വീണ്ടും വിളിച്ചു പത്ത് ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ വിളിക്കുക: 9946923282, 9495578999, 112.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!