മുഴപ്പിലങ്ങാട്: കണ്ണൂർ-തലശ്ശേരി ദേശീയപാതയിൽ മുഴപ്പിലങ്ങാട് മേൽപാലത്തിന്റെ സുരക്ഷ ഭിത്തി വാഹനമിടിച്ച് തകർന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും നവീകരിക്കുന്നതിൽ തികഞ്ഞ അനാസ്ഥ. നിരവധി തവണ ഇത് സംബന്ധിച്ച് അധികൃതരെ വിവരം അറിയിച്ചിരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വാഹനാപകടത്തിൽ തകർന്ന ഭിത്തിയുടെ കോൺക്രീറ്റ് തൂണുകൾ ഏതു സമയവും താഴേക്ക് നിലംപതിക്കുമെന്ന അവസ്ഥയിലാണ്.പാലത്തിന് അടിവശത്തൂകൂടി നിരവധിപേർ കാൽനടയായി സഞ്ചരിക്കുകയും വാഹനങ്ങൾ പാർക്ക് ചെയ്യാനും ഉപയോഗിച്ചു വരുകയുമാണ്.
മേൽപാലത്തിനോടൊപ്പമുള്ള നടപ്പാതയിലൂടെയാണ് നാട്ടുകാർ ഇരുവശത്തേക്കും നടന്നുപോകുന്നത്. ഇവിടെ അപകടാവസ്ഥയിലായ തകർന്ന ഭിത്തിക്ക് താൽക്കാലിക ഇരുമ്പ് പൈപ്പ് വെച്ചാണ് അധികൃതർ സുരക്ഷയൊരുക്കിയത്. ഇതുവഴി നടന്നു പോവുന്നത് വലിയ ദുരിതമാണെന്നും അധികൃതർ എത്രയും പെട്ടെന്ന് കൈവരിയുടെ അറ്റകുറ്റപ്പണി തീർക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.