തലശ്ശേരി: ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിലുണ്ടായ ബഹളവും വാക്കേറ്റവും കാരണം നഗരസഭ കൗൺസിൽ യോഗത്തിൽ സംഘർഷം. ബി.ജെ.പി അംഗങ്ങൾ കൈയേറ്റം ചെയ്തുവെന്നാരോപിച്ച് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.സി. അബ്ദുൽ ഖിലാബ് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചക്കാണ് കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പച്ചക്കറി ബങ്ക് അനന്തരാവകാശികൾക്ക് കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് അജണ്ടയിലുള വിഷയം പരിഗണിക്കുന്നതിനിടയിലാണ് ബി.ജെ.പി- സി.പി.എം അംഗങ്ങൾ കൊമ്പുകോർത്തത്. 46/3119 നമ്പർ ബങ്കിന്റെ നിലവിലുള്ള ലൈസൻസിയായ ഇ.എം. അബൂബക്കർ സിദ്ദീഖ് 2022 ജനുവരി ആറിന് മരണപ്പെട്ടിരുന്നു. ഈ ബങ്കിന്റെ ലൈസൻസ് അവകാശം ഭാര്യയുടെയും മക്കളുടെയും പേരിലേക്ക് മാറ്റണമെന്ന് കുടുംബം അപേക്ഷ നൽകിയിരുന്നു.
പച്ചക്കറി കച്ചവടം നടത്തുന്ന ബങ്കിന്റെ ലൈസൻസ് പുതുക്കി നൽകുന്ന വിഷയം പരിഗണിക്കുന്നതിനിടയിലാണ് തടസ്സവാദം ഉന്നയിച്ച് ബി.ജെ.പി അംഗങ്ങളായ കെ. ലിജേഷും കെ. അജേഷും രംഗത്തെത്തിയത്. ചർച്ച നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് അജണ്ട വലിച്ചുകീറിയെറിഞ്ഞ് ലിജേഷും അജേഷും കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങുന്നതിനിടയിലാണ് ഭരണപക്ഷത്തെ കൗൺസിലർമാരുമായി ഉടക്കിയത്. സീറ്റിൽ നിന്ന് എഴുന്നേറ്റ് സംസാരിക്കുന്നതിനിടയിൽ ക്ഷേമകാര്യ സമിതി ചെയർമാൻ ടി.സി. അബ്ദുൽ ഖിലാബുമായി ബി.ജെ.പി അംഗങ്ങൾ കയർക്കുകയായിരുന്നു.
ഇതോടെ ഭരണപക്ഷത്തെ മറ്റ് കൗൺസിലർമാർ എഴുന്നേറ്റെത്തി ബി.ജെ.പി അംഗങ്ങളുമായി ഒച്ച വെക്കുകയും ഉന്തും തള്ളുമായി. ഇതിനിടയിൽ പൊലീസും നഗരസഭയിലെത്തി. നഗരസഭ അനുവദിച്ചിട്ടുള്ള ബങ്ക് അനന്തരാവകാശികൾക്ക് നൽകുന്നത് മാനദണ്ഡം പാലിച്ചാണോയെന്ന കെ. ലിജേഷിന്റെ ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്ന് പറഞ്ഞുള്ള വാക്കേറ്റമാണ് കൈയാങ്കളിയിൽ അവസാനിച്ചത്. കൈയ്യാങ്കളിക്കിടയിൽ ടി.സി. അബ്ദുൽ ഖിലാബിന്റെ ഷർട്ട് വലിച്ചുകീറിയതായും പരാതിയുണ്ട്.
ബങ്ക് കൈമാറ്റം ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കൗൺസിലിൽ ചർച്ച ചെയ്തതാണ്. കമ്മിറ്റി അംഗമായ കെ. ലിജേഷ് കൗൺസിൽ യോഗത്തിൽ ഈ വിഷയത്തിൽ പ്രകോപനപരമായി സംസാരിക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ചെയർപേഴ്സൻ കെ.എം. ജമുനാറാണി പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നാടിന്റെ വികസന കാര്യങ്ങളുമായി മുന്നോട്ട് പോകുന്ന കൗൺസിൽ യോഗത്തിൽ വാക്കേറ്റമുണ്ടാവുകയും അത് കൈയാങ്കളിയായി മാറ്റുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ചെയർപേഴ്സൻ പറഞ്ഞു.
ബി.ജെ.പി അംഗങ്ങളുടെ അതിക്രമത്തിൽ ഇടതുപക്ഷ കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ പ്രതിഷേധിച്ചു. സി. സോമൻ, കെ എം. ശ്രീശൻ എന്നിവർ സംസാരിച്ചു. ശാരീരിക വൈകല്യമുളള ആൾക്ക് അനുവദിച്ച ബങ്കിന്റെ കാര്യത്തിൽ സി.പി.എം നേതാക്കൾക്കായി നിയമം ലംഘിക്കുകയാണെന്ന് ബി.ജെ.പി നഗരസഭാംഗം കെ. ലിജേഷ് ആരോപിച്ചു. 2021 ഓടെ ബങ്കിന്റെ ലൈസൻസ് കാലാവധി പൂർത്തിയായിക്കഴിഞ്ഞു.
ഇത് 2024വരെ നിലനിർത്തി. ഇത് ക്രമപ്പെടുത്താൻ വേണ്ടി കൗൺസിലിൽ അജണ്ടയായി വരുകയാണ് ചെയ്തത്. ഇതിനെയാണ് ബി.ജെ.പി എതിർത്തത്. സി.പി.എം നേതാക്കൾക്ക് കച്ചവടം നടത്താൻ നിയമങ്ങളെല്ലാം കാറ്റിൽ പറത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.