പഴയങ്ങാടി: ജൈവ വൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിൽ വീണ്ടും തീപിത്തം. ഞായറാഴ്ച തീപിടിച്ച് പുൽമേടുകൾ കത്തിയ അതേ മേഖലയിലാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ വീണ്ടും തീപിടിത്തമുണ്ടായത്. മാടായി കോളജ് വിദ്യാർഥികളും നാട്ടുകാരും ചേർന്ന് ഭാഗികമായി തീയണച്ചു. പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് പൂർണമായും തീയണച്ചത്. വേനൽ കടുക്കുന്നതോടെ പുൽമേടുകളിൽ തീ അതിവേഗത്തിൽ പടർന്നു പിടിക്കുന്നതാണ് ഏക്കറുകളോളം പുൽമേടുകൾ കത്തിയമരുന്നതിന് കാരണമാകുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഒരേ സമയത്താണ് മാടായിപ്പാറയിൽ തീ പടർന്നത്. എല്ലാ വർഷങ്ങളിലും ഈ കാലയളവിൽ 10 ഉം 15 ഉം പ്രാവശ്യമാണ് ഇവിടെ തീയിടുന്നത്. കുറ്റവാളികളൈ കണ്ടെത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതിനാൽ സാമൂഹിക ദ്രോഹികൾ അവസരം മുതലെടുത്ത് തീയിടുകയാണെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം.