തലശ്ശേരി: വളപട്ടണത്തെ വാടക ക്വാർട്ടേഴ്സിൽ അതിക്രമിച്ചുകടന്ന് ഭാര്യയുടെയും മകളുടെയും കൺമുന്നിൽ വെച്ച് ഒഡിഷക്കാരനായ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തുകയും സ്വർണവും പണവും മൊബൈൽ ഫോണുകളും കവരുകയുംചെയ്ത കേസിൽ ഒഡിഷക്കാരായ നാല് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ പ്രോസിക്യൂഷൻ വാദം കേട്ടശേഷം അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ബുധനാഴ്ച പ്രഖ്യാപിക്കും. വളപട്ടണം ചിറക്കൽ കീരിയാട് ഹാജി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഒഡിഷ സ്വദേശി പ്രഭാകർ ദാസിനെയാണ് (43) യാണ് ഭാര്യയുടെയും മകളുടെയും മുന്നിൽവെച്ച് അഞ്ച് പേരടങ്ങുന്ന സംഘം കുത്തിക്കൊലപ്പെടുത്തിയത്.
സംഭവ ശേഷം ക്വാർട്ടേഴ്സിൽ സൂക്ഷിച്ച 80,000 രൂപയും സ്വർണാഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും കവർന്നാണ് പ്രതികൾ രക്ഷപ്പെട്ടത്. ഒഡിഷ ധംഗനാര ജില്ലയിലെ സാന്ത വില്ലേജ് സ്വദേശികളായ ഗണേഷ് നായിക്, റിൻറു എന്ന തൂഫാൻ പ്രധാൻ, ബപ്പുണ എന്ന രാജേഷ് ബെഹറ, ചിന്റു എന്ന പ്രശാന്ത് സേത്തി, ജോലിയ ദെഹറു എന്നിവരായിരുന്നു പ്രതികൾ. ഇവരിൽ ജോലിയയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒളിവിലുള്ള ഇയാളുടെ വിചാരണ പിന്നീട് നടക്കും. 2018 മേയ് 19ന് രാത്രി പതിനൊന്ന് മണിയോടെയാണ് കേസിനാധാരമായ സംഭവം. വളപട്ടണം ഗ്രീൻവുഡ് പ്ലൈവുഡ് ഉടമയാണ് പ്രഭാകർദാസ്. ഇദ്ദേഹവും കുടുംബവുമാണ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്.
പ്രഭാകർദാസിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആസൂത്രിതമായാണ് നാല് കത്തികളും നൈലോൺ വയറുമായി പ്രതികൾ ക്വാർട്ടേഴ്സിൽ എത്തിയത്. മുൻ വൈരാഗ്യമാണ് കൊലക്ക് കാരണം. അന്നത്തെ എ.എസ്.പി അരവിന്ദ് സുകുമാറിന്റെ മേൽനോട്ടത്തിൽ വളപട്ടണം എസ്.ഐ ആയിരുന്ന സി.സി. ലതേഷാണ് കേസ് അന്വേഷിച്ചത്. സി.ഐ ആയിരുന്ന എം. കൃഷ്ണൻ കുറ്റപത്രം സമർപ്പിച്ചു.
കേസിൽ തിരിച്ചറിയൽ പരേഡ് നടത്തിയ മജിസ്ട്രേറ്റ് എം.സി. ആന്റണി, പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. ഗോപാലകൃഷ്ണ പിള്ള, ഡോ. കൃഷ്ണകുമാർ, ഡോ. ശ്രീജിത്ത് കൃഷ്ണ, ജിയോ, എയർടെൽ മൊബൈൽ കമ്പനികളുടെ നോഡൽ ഓഫിസർമാർ തുടങ്ങി 40 സാക്ഷികളെ വിസ്തരിച്ചു. 98 രേഖകളും 57 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.