ഇരിട്ടി: രക്ഷകനില്ലാതെ നോക്കുകുത്തിയായ സോളാർ വഴിവിളക്കുകൾ തകർന്നുവീഴുന്നു. ഇരിട്ടി ടൗണിലെ പ്രവർത്തനരഹിതമായ 30ഓളം സോളാർ വഴിവിളക്കുകളിൽ ഒരെണ്ണം രണ്ടു ദിവസം മുമ്പ് അജ്ഞാത വാഹനം ഇടിച്ച് തകർന്നു. നേരംപോക്ക് റോഡ് ജങ്ഷനിൽ പുലർച്ചയോടെയാണ് സംഭവം. നേരത്തേ രണ്ട് വഴിവിളക്കുകൾ വാഹനമിടിച്ച് തകർന്നിരുന്നു.
ബാറ്ററിയടക്കം തകർന്നുവീണപ്പോൾ മറ്റു വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വാഹനം ഇടിച്ചിട്ട് കടന്നുപോയ വഴിവിളക്ക് പിന്നീട് തൊഴിലാളികൾ ഡിവൈഡറിനു മുകളിൽ എടുത്തുവെക്കുകയായിരുന്നു. വഴിവിളക്കും ഡിവൈഡറിൽ സ്ഥാപിച്ച ബോർഡും തകർന്നെങ്കിലും സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പ് പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് അറിയുന്നത്.
തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ വഴിവിളക്കുകൾ സ്ഥാപിച്ച് ഏതാനും മാസത്തിനുള്ളിൽ പ്രവർത്തനരഹിതമായിരുന്നു. ഏകദേശം ഒമ്പതു കോടിയുടെ പദ്ധതിയാണ് മാസങ്ങൾക്കുള്ളിൽ പ്രവർത്തനരഹിതമായത്. ഇതോടെ വൻ അഴിമതിയാരോപണം ഉയർന്നിരുന്നു. ഒരുലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച മൂന്നാമത്തെ വഴിവിളക്കാണ് കഴിഞ്ഞ ദിവസം വാഹനം ഇടിച്ചു തകർത്തത്.
പ്രവർത്തനരഹിതമായ വഴിവിളക്കുകളിലെ ബാറ്ററികൾ പലതും എടുത്തുമാറ്റുകയും മറ്റുചിലത് കാണാതാവുകയും ചെയ്തിട്ടുണ്ട്. എടുത്തുമാറ്റാത്ത ബാറ്ററികൾ അടർന്നുവീണ് ഏതു നിമിഷവും വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം. വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കണമെന്നും അപകടകരമായ രീതിയിൽ നിൽക്കുന്ന ബാറ്ററികൾ എടുത്തുമാറ്റണമെന്നും വ്യാപാരികളടക്കം നിരന്തരം ആവശ്യപ്പെട്ടിട്ടും കെ.എസ്.ടി.പിയും പൊതുമരാമത്ത് വകുപ്പും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ടൗണിലെ വഴിവിളക്കുകൾ നഗരസഭക്ക് വിട്ടുതരാൻ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും മാസങ്ങളായി ഒരു തീരുമാനവുമില്ലാതെ വകുപ്പുകൾ ഇരുട്ടിൽ തപ്പുകയാണ്.