കണ്ണൂർ ∙ കേരളത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) നടത്തിയ ഹർത്താലിലെ അക്രമക്കേസുകളുമായി ബന്ധപ്പെട്ട് കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്. താണയിലെ ബി മാർട്ട് ഹൈപ്പർ മാർക്കറ്റിലെ ലാപ്ടോപ്, സിപിയു, മൊബൈൽ ഫോൺ, ഫയലുകൾ എന്നിവ പിടിച്ചെടുത്തു. നഗരത്തിലെ രണ്ടു സ്ഥാപനങ്ങളിൽ കൂടി പരിശോധന നടത്തി. ഇവിടെ നിന്നും ബാങ്ക് ഇടപാടുകളുടെ രേഖകൾ കണ്ടെത്തി.
മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി.കണ്ണൂർ റെയിൽവെ സ്റ്റേഷനു മുന്നിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും റെയ്ഡ് നടത്തി.നേതാക്കളുടെ സാമ്പത്തിക ശ്രോതസും ഹർത്താൽ ഗൂഢാലോചന കണ്ടെത്തുകയുമാണ് റെയ്ഡിന്റെ ലക്ഷ്യമെന്നാണ് സൂചന. ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.