തലശ്ശേരി: ചിറക്കര പള്ളിത്താഴ പെട്രോൾ പമ്പിന് സമീപത്ത് റോഡരികിൽ മാലിന്യക്കൂമ്പാരം. ദിവസങ്ങളോളം കുമിഞ്ഞ് കൂടിയ മാലിന്യത്തിൽ നിന്ന് ദുർഗന്ധം ഉയർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായി. തപാൽ വകുപ്പിന് കീഴിലുള്ള തുറസ്സായ സ്ഥലത്താണ് രാത്രിയിൽ ആളുകൾ മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് കവറിലാക്കി തള്ളുന്ന മാലിന്യം തെരുവ് നായ്ക്കൾ കടിച്ചുവലിച്ച് പരിസരമാകെ വൃത്തിഹീനമാവുകയാണ്.
ചിറക്കര പള്ളിത്താഴെയിൽ നിന്ന് അയ്യലത്ത് യു.പി സ്കൂളിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് റോഡരികിൽ മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുന്നത്. പ്ലാസ്റ്റിക് അറവ് മാലിന്യങ്ങളും ഹോട്ടൽ മാലിന്യം, പ്ലാസ്റ്റിക്, ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകൾ എന്നിവയെല്ലാം ഇവിടെ അലക്ഷ്യമായി തള്ളിയിരിക്കുകയാണ്.
റോഡുകളിൽ പോലും മാലിന്യ നിക്ഷേപം രൂക്ഷമായതോടെ ഇതുവഴിയുള്ള കാൽനട യാത്ര ദുസ്സഹമായിരുക്കുകയാണ്. നേരത്തെ നഗരസഭയുടെയും എൻ.എസ്.എസ് വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ സ്ഥലം ശുചീകരിക്കാൻ മുന്നിട്ടിറങ്ങിയിരുന്നുവെങ്കിലും കേന്ദ്രസർക്കാറിന് കീഴിലുള്ള സ്ഥലമായതിനാൽ ശുചീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് നഗരസഭ തപാൽ വകുപ്പിന് നിവേദനം നൽകിയിരുന്നുവെങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. റോഡരികിൽ നിരവധി ആരോഗ്യ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. മഴക്കാലമായാൽ ഇവിടെ പകർച്ചവ്യാധി ഭീതിയുയരും. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം സ്ഥലം മതിൽകെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.