തലശ്ശേരി: സി.പി.എം നേതാവ് കണ്ണവം തൊടീക്കളത്തെ ജി. പവിത്രനെ ആർ.എസ്.എസുകാർ വെട്ടിക്കൊന്ന കേസിൽ കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം നൽകി. മാഹി ചെമ്പ്രയിലെ സുബീഷ് പാറേമ്മൽ എന്ന കുപ്പി സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തിയാണ് ക്രൈംബ്രാഞ്ച് എട്ടുപ്രതികൾക്കെതിരായ കുറ്റപത്രം നൽകിയത്.
ക്രൈംബ്രാഞ്ച് മലപ്പുറം എസ്.പി പി. വിക്രമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ തൊടീക്കളം റേഷൻകടക്ക് സമീപം 2009 മാർച്ച് 27നാണ് സി.പി.എം ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാനും സി.ഐ.ടി.യു കൂത്തുപറമ്പ് ഏരിയകമ്മിറ്റി അംഗവുമായ ജി. പവിത്രൻ വധിക്കപ്പെട്ടത്. പത്രവിതരണത്തിനിടെ അതിരാവിലെയായിരുന്നു നിഷ്ഠൂരമായ കൊലപാതകം. ലോക്കൽ പൊലീസ് അന്വേഷിച്ച് ആറ് ആർ.എസ്.എസുകാർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (മൂന്ന്) യിൽ വിചാരണ നടപടി തുടങ്ങുകയും ചെയ്തിരുന്നു.
പടുവിലായി വാളങ്കിച്ചാലിലെ സി.പി.എം നേതാവ് മോഹനൻ വധക്കേസിൽ കുപ്പി സുബീഷിന്റെ അറസ്റ്റാണ് കേസിൽ വഴിത്തിരിവായത്. കോടതി അനുമതിയോടെയുള്ള തുടരന്വേഷണത്തിലാണ് മുഴുവൻപ്രതികളും കുടുങ്ങിയത്. കണ്ണവം ചെറുവാഞ്ചേരിയിലെ വിനീഷ് (33), മാഹി ചെമ്പ്രയിലെ എമ്പ്രാന്റവിട ഹൗസിൽ സുബീഷ് പാറേമ്മൽ എന്ന കുപ്പി സുബീഷ് (38), പാനൂർ കൂറ്റേരി താഴെക്കണ്ടിയിൽ ഹൗസിൽ ടി.കെ. സുബിൻ എന്ന ജിത്തു (43), മണ്ണയാട് ഇടത്തിലമ്പലം ജസിത നിവാസിൽ എം.പി. റജുൽ (44), കതിരൂർ പൊന്ന്യത്തെ ചെങ്കളത്തിൽ പ്രശാന്ത് (41), തലശ്ശേരി എം.എം. റോഡ് ചെട്ടിമുക്കിലെ കളത്തിൽ ഹൗസിൽ എം. മകേഷ് എന്ന കുട്ടി മകേഷ് (30), കതിരൂർ മൂന്നാംമൈൽ സ്വദേശിയും നിലവിൽ കക്കറയിൽ താമസക്കാരനുമായ കണ്ടോത്തുംകണ്ടിയിൽ കെ.കെ. മഹേഷ് (40), ചെറുവാഞ്ചേരി ചെറുവത്തൽ ഹൗസിൽ നാരോത്ത് സുരേന്ദ്രൻ എന്നിവരെ പ്രതിചേർത്താണ് അനുബന്ധ കുറ്റപത്രം. കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലോടെ വിദേശത്തേക്ക് രക്ഷപ്പെട്ട എം. മകേഷ് ഒളിവിലാണ്. നാരോത്ത് സുരേന്ദ്രൻ പിന്നീട് മരിച്ചു. എസ്.ഐമാരായ എ. ശശിധരൻ, മനോഹരൻ തറമ്മൽ, എ.എസ്.ഐമാരായ കെ. പ്രകാശൻ, കെ. ബിജു, കെ. ഷീജ എന്നിവരായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.