നടുവില്‍: ആദിവാസി വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. നടുവില്‍ ഉത്തൂരില്‍ താമസിക്കുന്ന ഇടുക്കി കൈരിങ്കുന്നം എഴുകുംവയല്‍ വലിയതോവാള കല്‍ക്കൂന്തലിലെ കുന്തോട്ടുകുന്നേല് മനുമോഹനനെയാണ്(36) ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നിര്‍ദേശപ്രകാരം എസ്.ഐ എന്‍. ചന്ദ്രന് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് നടുവില്‍ ഉത്തൂരിലെ പ്രാന്‍ പൊന്നിയുടെ (67) കഴുത്തില്‍നിന്ന് ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്തത്. പരാതിയെത്തുടര്‍ന്ന് കുടിയാന്മല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും മനു മോഹനന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇടക്കിടെ ഫോണ്‍ ഓണ്‍ ചെയ്തതോടെ ലൊക്കേഷന്‍ കണ്ണൂരില്‍നിന്ന് വടകര ഭാഗത്തേക്ക് പോവുകയാണെന്ന് പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് പൊലീസ് സംഘം വടകര റെയില്‍വേ സ്റ്റേഷനിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
എറണാകുളത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി ട്രെയിൻ വടകരയിലെത്തിയപ്പോള്‍ മദ്യപിക്കാനായി പുറത്തിറങ്ങിയപ്പോൾ പൊലീസ് വലയിലാക്കുകയായിരുന്നു. മനുമോഹനന്‍ കെ.എസ്.ഇ.ബിയില്‍ മീറ്റര്‍ റീഡറായി കാസർകോട്ടും പിന്നീട് ആറളത്തും താല്ക്കാലികാടിസ്ഥാനത്തില് ജോലി ചെയ്തിരുന്നു. അതിനിടയില്‍ ജോലി നഷ്ടപ്പെട്ട പ്രതി ആറളം സ്വദേശിനിയുമായി നടുവില്‍ ഉത്തൂരിലാണ് താമസം. കുടിയാന്മല എ.എസ്.ഐ സിദ്ദീഖ്, സീനിയര്‍ സി.പി.ഒ സുജേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.