പയ്യന്നൂർ: അരനൂറ്റാണ്ടു മുമ്പ്, കൃത്യമായി പറഞ്ഞാൽ 1972 ഫെബ്രുവരി 10ന് പുലർച്ച 3.30. തൊട്ടടുത്ത കാവിൽ തെയ്യം കണ്ട് വന്ന് വീടിന്റെ ഉമ്മറത്ത് കിടന്നുറങ്ങുകയായിരുന്നു ഗോപാലനും സുഹൃത്ത് അഴീക്കോട് സ്വദേശി യൂസുഫും. തട്ടി വിളിച്ച ഉടൻ പിടികൂടി കൈകൾ പിറകിൽ കെട്ടി.
വെള്ളമുണ്ടും ഷർട്ടും ധരിച്ച അഞ്ചോളം പൊലീസുകാരുണ്ടായിരുന്നു സംഘത്തിൽ. അതു കൊണ്ട് കുതറിയോടാനുള്ള ഗോപാലൻ എന്ന ചുമട്ടുതൊഴിലാളിയുടെ കരുത്തുള്ള ശരീരത്തിന്റെ ശ്രമം വിഫലം.
അകാരണമായി പൊലീസ് അറസ്റ്റ് ചെയ്ത് ഭീകര മർദനത്തിനിരയാക്കിയതിന്റെ ഓർമകൾ അയവിറക്കി വെള്ളൂരിലെ വീട്ടിൽ കഴിയുകയാണ് ഗോപാലനും ഭാര്യ ജാനുവും. അന്ന് വെള്ളൂരിലെ വീടിന് പിറകിലെ വിശാലമായ വയലിലൂടെ വലിച്ചിഴച്ച് ദേശീയപാതയിൽ നിർത്തിയിട്ട പൊലീസ് വാഹനത്തിലേക്ക്.
വണ്ടിയിൽ നക്സൽ വേട്ട സംഘത്തിലെ പ്രമുഖനും പൊലീസ് സൂപ്രണ്ടുമായ ജയറാം പടിക്കലും മുരളീകൃഷ്ണദാസും ഉണ്ടായിരുന്നു. മഫ്തിയിൽ വന്നത് പൊലീസാണെന്ന് അപ്പോഴാണ് മനസ്സിലായത്. എന്നാൽ അറസ്റ്റിന്റെ കാരണം അവ്യക്തം.
ജയിൽ ചാടിയ എം.എൻ. രാവുണ്ണിയും വി.പി. ഭാസ്കരനും എവിടെ എന്ന ചോദ്യമുയർന്നപ്പോൾ ഏതാണ്ട് പിടികിട്ടി. പക്ഷേ, ഒരിക്കൽ പോലും നേരിട്ട് കാണാത്ത രാവുണ്ണിയെക്കുറിച്ചുള്ള ചോദ്യത്തിന് മൗനമല്ലാതെ എന്തു പറയാൻ.
അരനൂറ്റാണ്ടു മുമ്പ് ജീവിതം തന്നെ നഷ്ടപ്പെടുത്തിയ ഭരണകൂട ഭീകരതയെക്കുറിച്ച് വിവരിക്കുമ്പോൾ 90 പിന്നിട്ട ഗോപാലന്റെ മുഖത്തെ വിപ്ലവവീര്യത്തിന് തെല്ലും കുറവില്ല. ഒടുവിൽ കോടതി കുറ്റക്കാരനല്ലെന്ന് പറഞ്ഞ് നിരുപാധികം വിട്ടയച്ചുവെങ്കിലും ക്രൂരമായ മർദനം മാറാരോഗിയാക്കി.
പയ്യന്നൂരിൽനിന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിലേക്കാണ് കൊണ്ടുപോയത്. രാവുണ്ണിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി മൗനമായതോടെ മർദനമുറയുടെ സ്വഭാവവും മാറിയതായി ഗോപാലൻ. ആദ്യം കരിക്കിൻ കുലകൊണ്ട് ദേഹത്ത് അടിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇതിനായി കരുതിവെച്ച കരിക്കിൻ കുല പ്രതികളെ പരിചയമുള്ള ഒരു പൊലീസുകാരൻ അധികാരികൾ കാണാതെ എടുത്തുമാറ്റി. ഇതിനിടയിൽ യൂസുഫിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.
1972 ഫെബ്രുവരിയിൽ അറസ്റ്റിലായവരെ രണ്ടര മാസത്തോളമാണ് കോടതിയിൽ ഹാജരാക്കാതെ പീഡിപ്പിച്ചത്. ഇതിനിടയിൽ ഗോപാലന്റെ ഭാര്യ ജാനുവും മറ്റുള്ളവരുടെ അമ്മമാരും പയ്യന്നൂരിലെ സി.പി.എം നേതാവ് സുബ്രഹ്മണ്യ ഷേണായിയോടൊപ്പമെത്തി കണ്ണൂർ കലക്ടറേറ്റിൽ കുത്തിയിരുന്നു. അറസ്റ്റ് മാധ്യമങ്ങൾ വിഷയമാക്കിയതോടെ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു.
ഭാര്യ വടക്കെപ്പുരയിൽ ജാനുവും അഞ്ചു മക്കളുമടങ്ങുന്നതാണ് ഗോപാലന്റെ കുടുംബം. അറസ്റ്റ് ചെയ്യുമ്പോൾ ഒരു മകന്റെ പ്രായം നാലു മാസം. കൂലിപ്പണിക്കാരനായ ഭർത്താവ് ജയിലിലായപ്പോൾ മക്കളെ വളർത്തിയത് ഏറെ കഷ്ടപ്പെട്ട്. തൊട്ടടുത്ത ഗ്രാമത്തിൽ വീട്ടുജോലി ചെയ്താണ് ഒരു വിധം ജീവിച്ചത്.
നക്സലൈറ്റിനെ അറസ്റ്റ് ചെയ്ത വീട് എന്ന ലേബൽ ഉണ്ടാക്കിയ ഒറ്റപ്പെടൽ അസഹ്യം. അയൽക്കാർ പോലും ബന്ധപ്പെടാറില്ല. മാത്രമല്ല, പൊലീസിന്റെ നിരീക്ഷണവുമുണ്ട്. പൊലീസിനെ കാണുമ്പോൾ തന്നെ ഭയപ്പെടുന്ന കാലം. ആ കാലത്തെക്കുറിച്ചുള്ള ഓർമ പോലും ഭയപ്പെടുത്തുന്നതാണെന്ന് ജാനു. അടിയന്തരാവസ്ഥയിലും ഗോപാലനെ പിടികൂടിയിരുന്നു. ജനത സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷമാണ് വിട്ടയച്ചത്.