15 സംവത്സരങ്ങൾക്കു ശേഷം ജനുവരി 8,9,10,11 തീയ്യതികളിലായി നടക്കുന്ന രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിനു ഔദ്യോഗികമായി നാന്ദി കുറിക്കുന്ന “കളിയാട്ടം ഏൽപ്പിക്കൽ” ചടങ്ങ് ഇന്ന് പകൽ ക്ഷേത്ര പരിസരത്ത് വച്ച് നടന്നു.
പെരുങ്കളിയാട്ടം നടക്കുന്ന ചെലവിലേക്ക് കളിയാട്ട നടത്തിപ്പുകാർക്ക‌് മൂല ഭണ്ഡാരം ഏൽപ്പിക്കുന്ന ചടങ്ങാണ് കളിയാട്ടം ഏൽപ്പിക്കൽ. ക്ഷേത്രം അടിയന്തിരത്തിനായി തിരുനടയിൽ അരങ്ങിലിറങ്ങിയ തമ്പുരാട്ടിയുടെ പ്രതിപുരുഷനും അന്തിത്തിരിയനും ചേർന്ന് മൂല ഭണ്ഡാരം ക്ഷേത്രം കോയ്മയും സംഘാടക സമിതി ചെയർമാനുമായ ശ്രീ കെ കെ രാമകൃഷ്ണ പൊതുവാളെ ഏൽപ്പിച്ചതോടെ ചടങ്ങ് പൂർത്തിയായി.. ഭക്തിനിർഭരമായ ചടങ്ങിന് തറയിലെ അച്ഛന്മാർ, ക്ഷേത്രംആചാര സ്ഥാനികർ ,മറ്റ് ആചാര സ്ഥാനികർ,സംഘാടക സമിതി അംഗങ്ങൾ, ക്ഷേത്രം വാല്യക്കാർ, കുടുംബാംഗങ്ങൾ, നാട്ടുകാർ എന്നിവരും പങ്കെടുത്തു.