തലശ്ശേരി: കാപ്പ നിബന്ധനകൾ ലംഘിച്ച് നാട്ടിലെത്തിയ യുവാവ് അറസ്റ്റിൽ. തലശ്ശേരി മട്ടാമ്പ്രം സ്വദേശി കൊളത്തായി വീട്ടിൽ സുനീറിനെയാണ് ടൗൺ പൊലീസ് കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തത്. രണ്ടാം തവണയാണ് കാപ്പ നിയമങ്ങൾ ലംഘിച്ച് ഇയാൾ നാട്ടിൽ എത്തിയത്. കോടതി ജാമ്യം അനുവദിക്കുമ്പോൾ നാട്ടിൽ പ്രവേശിക്കരുതെന്ന ഉപാധിയിലാണ് അനുവദിച്ചിരുന്നത്. കണ്ണൂർ ജയിലിൽ റിമാൻഡിൽ കഴിയവെ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് കൊണ്ടുവന്ന സമയത്ത് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ക്രിമിനൽ കേസിൽ റിമാൻഡിൽ കഴിയുന്നവരെ ജാമ്യത്തിലിറക്കാനുള്ള നീക്കവുമായാണ് ഇയാൾ വീണ്ടും നാട്ടിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട സുനീർ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് വെള്ളിയാഴ്ച ഇയാളെ വീട്ടിൽ നിന്ന് വീണ്ടും പിടികൂടി. തലശ്ശേരി കോടതി ഇയാളെ റിമാൻഡ് ചെയ്തു ലഹരി കടത്ത്, സംഘർഷം, ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സുനീറെന്ന് പൊലീസ് പറഞ്ഞു.