കേളകം: കനത്ത ചൂട് താങ്ങാനാകാതെ വാഴകൾ ഒടിഞ്ഞുതൂങ്ങുന്നു. കർഷകരെ കണ്ണീരിലാഴ്ത്തി ചൂട് താങ്ങാൻ കഴിയാതെ നൂറുകണക്കിന് കുലച്ച വാഴകളാണ് നശിക്കുന്നത്.
ശാന്തിഗിരി-മുരിക്കിങ്കരിയിൽ അഞ്ഞൂറിലധികം വാഴകളാണ് ഒടിഞ്ഞുവീണത്. കാർഷിക വായ്പയെടുത്തും പലരിൽനിന്നും വായ്പ വാങ്ങിയും ലക്ഷങ്ങൾ ചെലവഴിച്ചാണ് കർഷകർ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്തത്. ആയിരക്കണക്കിന് വാഴ നട്ടതിൽ ചൂട് കനത്തതോടെ നൂറുകണക്കിന് വാഴകളാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മധ്യഭാഗം ഒടിഞ്ഞുവീണ് നശിച്ചത്.
കയർ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുൾപ്പെടെയാണ് വാഴകൾ ഒടിയുന്നത്. ഇതോടെ കർഷകർ കടക്കെണിയിലായി. ചൂട് കനത്തതോടെ ജലക്ഷാമം മൂലംവാഴ തോട്ടങ്ങളിൽ ജലസേചനം മുടങ്ങിയതോടെയാണ് വാഴത്തോട്ടങ്ങൾ ഒടിഞ്ഞ് തുടങ്ങിയത്. പാതി വിളവ് പോലുമാവാത്ത വാഴകളാണ് ഒടിഞ്ഞത്.
മലയോരത്ത് നിരവധി കർഷകരുടെ വാഴത്തോട്ടങ്ങളിൽ ഇത്തരത്തിൽ നാശനഷ്ടങ്ങളുണ്ട്. കൊക്കോ, കുരുമുളക്, കമുക്, പച്ചക്കറി തുടങ്ങിയ കൃഷികളും കരിഞ്ഞുണങ്ങുകയാണ്. വേനൽമഴ ഉണ്ടാവാത്ത സ്ഥലങ്ങളിലാണ് കൃഷി നാശം.