പാനൂർ: മുത്താറിപ്പീടികയിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ വീടിനുനേരെ വീണ്ടും ബോംബേറ്. വലിയപറമ്പത്ത് റഫീഖിന്റെ വീടിനുനേരെയാണ് രണ്ടാം ദിവസവും ബോംബെറിഞ്ഞത്. ആദ്യ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും ബോംബേറ്.
ആരാണ് ബോംബെറിഞ്ഞതെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് ദിനം രാത്രിയിലും പിറ്റേദിവസവും രാഷ്ട്രീയവിരോധം കാരണമാണ് ബോംബെറിഞ്ഞതെന്ന് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി.
പൊലീസ് ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല, ഡി.സി.സി സെക്രട്ടറി കെ.പി. സാജു ഉൾപ്പെടെയുള്ള നേതാക്കൾ വസതി സന്ദർശിച്ചു.