കേളകം: ആറളം ഫാമിൽ ആന തുരത്തൽ യജ്ഞം വിജയത്തിൽ. 21 ആനകളെ വനത്തിലേക്ക് കടത്തിവിട്ടു. ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും കാട്ടാനക്കൂട്ടങ്ങളുടെ പിടിയിൽനിന്ന് മോചിപ്പിക്കാനുള്ള ദൗത്യം വിജയത്തിലേക്ക് അടുക്കുന്നതായി ദൗത്യസംഘം അറിയിച്ചു. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പതിനെട്ടേക്കർ, കോട്ടപ്പാറ ഭാഗത്തുനിന്നും മൂന്ന് കാട്ടാനക്കൂട്ടത്തെയാണ് വനപാലക ദൗത്യസംഘം ആറളം വനത്തിലേക്ക് തുരത്തിയത്.
കണ്ണൂർ ഡി.എഫ്.ഒയുടെ നിർദേശപ്രകാരം വനം വകുപ്പ് റാപ്പിഡ് റസ്പോൺസ് ടീം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഷൈനി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് കൂട്ടങ്ങളായുണ്ടായിരുന്ന 21 കാട്ടാനകളെ ബ്ലോക്ക് 10ലെ പഴയ ഓഫിസിനു സമീപത്തുകൂടി ആറളം വനത്തിലേക്ക് കയറ്റിവിട്ടത്. മണത്തണ, കീഴ്പള്ളി സെക്ഷൻ വനപാലകരും റാപ്പിഡ് റസ്പോൺസ് ടീമും നടത്തിയ ശ്രമകരമായ ദൗത്യമാണ് ഫലം കണ്ടത്.
നാലുമാസം മുമ്പ് തുടങ്ങിയ ഒാപറേഷൻ എലിഫന്റ് ദൗത്യത്തിലൂടെ ഫാമിൽ നിന്നും ആറളം വന്യജീവി സങ്കേതത്തിലേക്ക് മുമ്പ് തുരത്തിയത് 60ലധികം ആനകളെയാണ്. ഫാമിന്റെ കൃഷിയിടത്തിലും പുനരധിവാസ മേഖലയിലുമായി കണ്ടെത്തിയ ആനകളെയാണ് ദൗത്യത്തിലൂടെ കാടുകയറ്റിയത്.