പയ്യന്നൂർ: ദേശീയപാത നിർമാണത്തിനായി സൂക്ഷിച്ച 85,000 രൂപയുടെ സാധന സാമഗ്രികൾ മോഷ്ടിച്ച് വിൽപന നടത്തിയ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഝാർഖണ്ഡ് പാലാമു ജില്ലയിലെ സന്ദീപ് പ്രതാപ് (24), ഝാർഖണ്ഡ് ബുക്കാറോ സ്വദേശി മുഹമ്മദ് മജ്ഹാർ (36) എന്നിവരെയാണ് പരിയാരം എസ്.ഐ നിബിൻ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ദേശീയപാത നിർമാണ സാമഗ്രികൾ ഏമ്പേറ്റിൽ മോഷണം പോയത്. നിർമാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന മേഘ കൺസ്ട്രക്ഷൻ ലെയ്സൺ ഓഫിസർ ശശിധരന്റെ പരാതിയിൽ കേസെടുത്ത പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പാത നിർമാണ ജോലിക്കുശേഷം മോഷണം നടത്തിയ സാധന സാമഗ്രികൾ ചെറുതാഴം ഭാസ്കരൻ പീടികക്ക് സമീപത്തെ ആക്രിക്കടയിലാണ് ഇരുവരും വിൽപന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ആക്രിക്കടക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ വിളയാങ്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യലിൽ, സമാനമായ രീതിയിൽ നേരത്തെയും സാധന സാമഗ്രികൾ ഇതേ ആക്രിക്കടയിൽ വിൽപന നടത്തിയതായി കണ്ടെത്തി.