തലശ്ശേരി: കോട്ടയത്തുനിന്ന് കാസർകോടേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവർ ഉൾപ്പെടെ ആറോളം പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ നാലര മണിക്കാണ് അപകടം.
തലശേരി ഗവ. ആശുപത്രിക്കും അഗ്നിശമന സേന ഓഫിസിനും സമീപത്തെ റോഡിലെ ഡിവൈഡറിൽ കയറിയാണ് അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമായത്. കോട്ടയത്തുനിന്ന് പുറപ്പെട്ട ശേഷം ബസ് രണ്ട് തവണ ചെറിയ അപകടം വരുത്തിയതായി യാത്രക്കാർ പറഞ്ഞു.
ബസ് സമീപത്തെ അമൂൽ ഷോറൂമിന്‍റെ ഗ്ലാസ്സ് തകർത്തു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് വാതിൽ പൊളിച്ചാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്.
അമ്പതോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ജനറൽ അശുപത്രിയിൽ എത്തിച്ചു. മറ്റ് യാത്രക്കാരെ ഡിപ്പോയിൽനിന്ന് എത്തിയ കെ.എസ് ആർ.ടി.സി ബസിൽ കയറ്റി വിട്ടു. അപകടത്തിൽപ്പെട്ട ബസ് ഡിപ്പോയിലേക്ക് മാറ്റി.