Thu. Nov 21st, 2024

കണ്ണൂർ ജില്ല ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് തുറക്കുന്നു

കണ്ണൂർ ജില്ല ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് തുറക്കുന്നു

കണ്ണൂർ: ജില്ല ആശുപത്രിയിൽ നിർമാണം പുരോഗമിക്കുന്ന സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ രോഗികളെ പ്രവേശിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ രണ്ടു നിലകളിലാണ് രോഗികളെ പ്രവേശിപ്പിക്കുക.

ആധുനിക സൗകര്യങ്ങളോടെ അഞ്ചു നിലകളിലായാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്‍റെ നിർമാണം പുരോഗമിക്കുന്നത്. ഇതിൽ മൂന്ന്, നാല് നിലകളിലാണ് ആദ്യഘട്ടത്തിൽ രോഗികളെ പ്രവേശിപ്പിക്കുക. പഴയ കെട്ടിടത്തിലുള്ള പുരുഷ വിഭാഗത്തിലെ മെഡിക്കൽ, സർജറി വിഭാഗത്തിലുള്ള രോഗികളെ രണ്ടാഴ്ചക്കകം പുതിയ ബ്ലോക്കിലേക്ക് മാറ്റുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവ് കുമാർ പറഞ്ഞു.

ഇതിനായി 30 വീതം കിടക്കകളോടെയുള്ള ജനറൽ വാർഡുകൾ പുതിയ ബ്ലോക്കിൽ സജ്ജീകരിച്ചു. നിലവിൽ പുരുഷ വിഭാഗത്തിലെ മെഡിക്കൽ, സർജറി വാർഡുകളുടെ സ്ഥിതി തീർത്തും ശോച്യാവസ്ഥയിലാണ്. ഇതേ തുടർന്നാണ് ഈ വിഭാഗത്തിലുള്ള രോഗികളെ ആദ്യഘട്ടത്തിൽ മാറ്റുന്നത്. രോഗികളെ മാറ്റിയാൽ നിലവിലുള്ള വാർഡുകളുടെ നവീകരണ പ്രവൃത്തി നടക്കും. തുടർന്ന് രണ്ടു മാസത്തിനകം സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്‍റെ പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് നീക്കം.

അത്യാധുനിക സൗകര്യങ്ങളാൽ അഞ്ചു നിലകളോടെയുള്ള സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കാണ് ജില്ല ആശുപത്രിയിൽ ഒരുങ്ങുന്നത്. ഏതാണ്ട് 62 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പുരോഗമിക്കുന്നത്.

ജില്ല പഞ്ചായത്ത് തയാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം പി ആൻഡ് സി പ്രോജക്ടാണ് പ്രവൃത്തി പൂർത്തിയാക്കുന്നത്. ഒന്നാം നിലയിൽ ക്രിട്ടിക്കൽ യൂനിറ്റ്, ഒ.പി സൗകര്യം, ഫാർമസി, ഡോക്ടർമാർക്കുള്ള റസ്റ്റ് റൂം എന്നിവയൊരുക്കും.

രണ്ടാം നിലയിൽ ഓപറേഷൻ തിയറ്ററുകൾ, പോസ്റ്റ് ഓപറേറ്റിവ് വാർഡ്, ന്യൂറോളജി -യൂറോളജി വിഭാഗം ഐ.സി.യുകൾ എന്നിവ സജ്ജീകരിക്കും. തുടർന്നുള്ള നിലകളിൽ ഡയാലിസിസ് യൂനിറ്റ്, സ്പെഷാലിറ്റി വാർഡ്, സ്ത്രീകൾക്കുള്ള സ്പെഷൽ വാർഡ്, ജനറൽ വാർഡുകൾ എന്നിവ ക്രമീകരിക്കും. ബ്ലോക്ക് പൂർണതോതിൽ യാഥാർഥ്യമാകുന്നതോടെ ഒരു പരിധിവരെ ജില്ല ആശുപത്രിയുടെ സ്ഥലപരിമിതികൾക്ക് പരിഹാരമാകും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!