ന്യൂഡെൽഹി: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച മലയാളി നഴ്‌സ് നിമിഷ പ്രിയ സമർപ്പിച്ച അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. ഡെൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. നിമിഷയുടെ ശിക്ഷയിൽ ഇളവ് നൽകണമെങ്കിൽ ഇനി യെമൻ പ്രസിഡണ്ടിന് മാത്രമേ കഴിയൂ എന്നാണ് കേന്ദ്രസർക്കാർ ഡെൽഹി ഹൈക്കോടതിയിൽ അറിയിച്ചത്.
വശശിക്ഷക്കെതിരെ നിമിഷ പ്രിയ നൽകിയ ഹരജി ഈ മാസം 13ന് യെമൻ സുപ്രീം കോടതിയും തള്ളിയെന്ന് വിദേശകാര്യ മന്ത്രാലയത്തിന് കിട്ടിയ വിവരമാണെന്നും അഭിഭാഷകൻ പറഞ്ഞു. മോചനത്തിനായി യെമനിലേക്ക് പോകാൻ അനുമതി തേടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ അമ്മയുടെ അപേക്ഷ കിട്ടിയാൽ ഒരാഴ്‌ചക്കകം തീരുമാനം എടുക്കണമെന്ന് ഡെൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.
മകളെ കാണാനാകുമെന്നാണ് വിശ്വാസമെന്നും യെമൻ ഹൈക്കോടതി നടപടി അപ്രതീക്ഷിതമാണെന്നും നിമിഷയുടെ അമ്മ പറഞ്ഞു. 2017 ജൂലൈ 25നാണ് നിമിഷ പ്രിയ യമന്‍കാരനായ തലാല്‍ അബ്‌ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ളിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ളിനിക് തുടങ്ങാന്‍ സഹായ വാഗ്‌ദാനവുമായി വന്ന ഇയാൾ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. യെമൻ തലസ്‌ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോൾ.