തലശ്ശേരി: എരഞ്ഞോളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവു നായ് പത്തോളം പേരെ കടിച്ചുപരിക്കേൽപിച്ചു. ആറുവയസ്സുകാരി മുതൽ 60കാരനടക്കമുള്ളവരെ തലങ്ങും വിലങ്ങും ഓടി നായ് ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും ഗുഹ്യഭാഗങ്ങളിലും കടിയേറ്റ പരിക്കുകളുമായി പത്തു പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തി. യു.കെ.ജി വിദ്യാർഥിനി കൃഷ്ണപുരം പാർവണ (ആറ്), പാർവണയുടെ ഇളയമ്മ പ്രേമജ (58), ചുങ്കത്തെ വിജയൻ (58), ഇളയടത്ത് മുക്കിലെ കണ്ണോത്ത് വലിയപറമ്പിൽ അനന്യ (15), പാലയാട്ടെ പത്മിനി നിവാസിൽ മഹേഷ് (50), ചോനാടം അണ്ടിക്കമ്പനിക്കടുത്ത കച്ചവടക്കാരൻ സുശാന്ത് (58), ചോനാടം ബല്ല അപാർട്ട്മെന്റ് ഉടമ ജോർജ് (65), ചോനാടം വാഴയിൽ വീട്ടിൽ ശ്രേയ (20) എന്നിവർക്കാണ് കടിയേറ്റത്. കോറോത്ത് പീടികക്കടുത്ത് സ്കൂൾ ബസ് കാത്തു നിൽക്കുന്നതിനിടെയാണ് പാർവണയെ നായ് കടിച്ചത്. കുട്ടിക്ക് ഷോൾഡറിനും പൃഷ്ടഭാഗത്തും ആഴത്തിൽ മുറിവേറ്റു.
പരിക്കേറ്റ് ആശുപത്രിയിലെത്തിയവരെ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ സന്ദർശിച്ചു. പഞ്ചായത്തിൽ വർധിച്ചു വരുന്ന തെരുവു നായ് ശല്യം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോവിഡിന് ശേഷമാണ് നായ്ക്കൾ കൂടിയത്. ബുധനാഴ്ച രാവിലെ 8.30 മുതലാണ് വിറളിപിടിച്ചോടിയ നായ് ബസ് കാത്തുനിന്നവരെയും വഴിയാത്രികരെയും വീട്ടുമുറ്റത്ത് നിന്നവരെയും ഉൾപ്പെടെ ആക്രമിച്ചത്. ജോലിക്കായി ചോനാടം ഭാഗത്ത് എത്തിയപ്പോഴാണ് പാലയാട്ടെ മഹേഷിന് കടിയേറ്റത്. ഭയവിഹ്വലരായ നാട്ടുകാർ അക്രമിയായ നായെ പിന്നീട് തല്ലിക്കൊന്നു.