കണ്ണൂർ: ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിനായി ഗൂഗ്ളിൽ നോക്കിയ തോട്ടട സ്വദേശിയുടെ 2.44 ലക്ഷം രൂപ തട്ടിയെടുത്തു. ഗൂഗ്ളിൽ ലഭിച്ച കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചപ്പോൾ നൽകിയ വാട്സ്ആപ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം കാർഡ് നമ്പറും നൽകിയതോടെയാണ് പണം നഷ്ടമായത്.
ഗൂഗ്ളിൽ പരതി ലഭിക്കുന്ന ഫോൺ നമ്പറുകളുടെയും വെബ്സൈറ്റുകളുടെയും ആധികാരികത പരിശോധിക്കാതെ ബാങ്ക് അക്കൗണ്ട്, എ.ടി.എം കാർഡ് വിവരങ്ങൾ കൈമാറി പണം നഷ്ടമാകുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ഓൺലൈനിൽ നൽകുന്ന വിവരങ്ങൾ കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഗൂഗ്ളിൽ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുത്.
പകരം ബന്ധപ്പെടാനുള്ള വിശദാംശങ്ങൾക്കായി സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഫോണിലൂടെ ബാങ്കിങ് വിശദാംശങ്ങൾ ആവശ്യപ്പെട്ടാൽ നൽകരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങൾ നൽകാൻ ബാങ്കുകളോ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് ആവശ്യപ്പെടാറില്ല.
മറ്റൊരു പരാതിയിൽ വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടമായി. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടതിന്റെ തലേ ദിവസം എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് റിന്യൂവൽ ചെയ്യുന്നതിനായി ഫോൺ വന്നിരുന്നുവെന്നും അവർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തിരുന്നെന്നും പരാതിക്കാരൻ പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് ഡ്രസ് ഓർഡർ ചെയ്ത പാനൂർ സ്വദേശിക്കും പണം നഷ്ടമായി. 5,500 രൂപയാണ് അയച്ചു കൊടുത്തത്. ഡ്രസ് ഓർഡർ ചെയ്ത് നാളിതുവരെയായിട്ടും ലഭിക്കാത്തതിനാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു.
കസ്റ്റമർ കെയർ നമ്പർ ഗൂഗ്ളിൽ പരതി വിളിക്കുമ്പോഴും അജ്ഞാത നമ്പറിൽനിന്ന് ഫോൺവിളി വരുമ്പോഴും അവർ അയച്ചുതരുന്ന ലിങ്കുകളിൽ കയറുകയോ ബാങ്ക് വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി നൽകാം.