കണ്ണൂർ: പി.എസ്.സി അയച്ച അഡ്വൈസ് മെമ്മോയുടെ കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെ കൂത്തുപറമ്പ് പാട്യത്തെ എൻ. സൗമ്യ നാണു കാത്തിരിക്കുകയാണ് വകുപ്പ് ഡയറക്ടറുടെ മറുപടിക്കായി. വ്യാഴാഴ്ചക്കകം ഡയറക്ടറുമായി ബന്ധപ്പെട്ട് തീരുമാനം അറിയിക്കാമെന്ന ജില്ല പട്ടികജാതി വികസന വകുപ്പ് അധികൃതരുടെ വാക്ക് കേട്ടാണ് ഇവർ കാത്തിരിക്കുന്നത്.
നിയമന ശിപാർശ കിട്ടിയിട്ട് മൂന്നുമാസം തികയുകയാണ്. അതിനുമുമ്പ് നിയമനം കിട്ടാൻ വേണ്ടി ഈ യുവതി കലക്ടറേറ്റിലെ പട്ടികജാതി വികസന വകുപ്പ് ജില്ല ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ചയാകുകയാണ്.
പി.എസ്.സി ലിസ്റ്റിലെ ഒന്നാം റാങ്കുകാരിയാണ് സൗമ്യ. പി.എസ്.സി പതിവുപോലെ സൗമ്യക്ക് അഡ്വൈസ് മെമ്മോ അയച്ചു. ജനുവരി നാലിനാണ് കൈപ്പറ്റിയത്. ജനുവരി 15 ആയിട്ടും നിയമന ഉത്തരവ് കിട്ടാതായതോടെ അന്വേഷണം തുടങ്ങി. എന്നാൽ, വ്യക്തമായ മറുപടി ജില്ല അധികൃതരിൽനിന്നു കിട്ടിയില്ല.
നിരന്തരം അന്വേഷണം നടത്തിയിട്ടും സ്ഥിതി ഇതുതന്നെ ആയതോടെയാണ് ജില്ല ഓഫിസിനു മുന്നിലെത്തി കുത്തിയിരിക്കാൻ തുടങ്ങിയത്. എല്ലാദിവസവും രാവിലെ എത്തി കുത്തിയിരിപ്പ് തുടങ്ങും. വൈകീട്ട് അഞ്ചോടെ തിരിച്ചുപോകും. പതിവുപോലെ ചൊവ്വാഴ്ചയും ജില്ല പട്ടികജാതി വികസന ഓഫിസിലെത്തി. നിയമന ഉത്തരവിനായുള്ള അവരുടെ കാത്തിരിപ്പ് തുടരുകയാണ്.
ഡയറക്ടറേറ്റിലേക്ക് അയച്ച കത്തിന് മറുപടി കിട്ടാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് ജില്ല പട്ടികജാതി വികസന വകുപ്പ് അധികൃതരുടെ നിലപാട്. ഒഴിവുള്ള മറ്റ് തസ്തികകളിലേക്ക് ഇവരെ നിയമിക്കാനുള്ള അനുമതിക്ക് ജില്ല പട്ടികജാതി വികസന ഓഫിസർ പട്ടികജാതി വികസന ഡയറക്ടറേറ്റിലേക്ക് കത്തയച്ചിരുന്നു. ഇതിന്റെ മറുപടിക്കായാണ് സൗമ്യ കാത്തിരിക്കുന്നത്.
പെരിങ്ങോത്ത് തുടങ്ങുന്ന മോഡൽ റസിഡന്റ്സ് സ്കൂളിൽ ആയ തസ്തികയിലേക്കാണ് സൗമ്യക്ക് അഡ്വൈസ് മെമ്മോ നൽകിയത്. ഇവിടെ ഒരു ക്ലർക്കിനെയും വാച്ച്മാനെയും നിയമിച്ചിട്ടുണ്ട്. അതിനുശേഷം സ്ഥാപനം എസ്.ടി വികസന വകുപ്പ് താൽക്കാലികമായി കൈമാറി. ഇതിലെ സാങ്കേകതികത്വമാണ് സൗമ്യയുടെ നിയമനം അനിശ്ചിത്വത്തിലാക്കിയത്. സ്ഥാപനം കൈമാറിയത് യഥാസമയം പട്ടിക വികസന വകുപ്പ് പി.എസ്.സിയെ അറിയിച്ചിരുന്നില്ല.
അതിനകം ലിസ്റ്റിലെ രണ്ടും മൂന്നും റാങ്കുകാരെ മറ്റിടത്ത് നിയമിക്കുകയും ചെയ്തു. പട്ടിക വികസന വകുപ്പ് യഥാസമയം വിവരം അറിയിച്ചിരുന്നെങ്കിൽ സൗമ്യക്ക് രണ്ടാം റാങ്കുകാരിക്കു പകരം നിയമനം നൽകാൻ കഴിയുമായിരുന്നു. വ്യാഴാഴ്ചയോടെ തീരുമാനമായില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ ജില്ല പട്ടികജാതി വികസന ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടത്താനാണ് തീരുമാനം.