തലശ്ശേരി: വടകര ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്ക് തലശ്ശേരി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനേക്കാൾ 8630 വോട്ടിന്റെ ഭൂരിപക്ഷം. ഒരു ലക്ഷത്തിലേറെ വോട്ടിന് വിജയിച്ച ഷാഫി പറമ്പിലിന് ശൈലജയുടെ ഈ ഭൂരിപക്ഷം ഒരു തരത്തിലും വെല്ലുവിളിയായില്ല. തലശ്ശേരി മണ്ഡലത്തിൽ ഷാഫി പറമ്പിൽ 53,449 വോട്ട് നേടിയപ്പോൾ കെ.കെ. ശൈലജക്ക് 62,079 വോട്ടുകളാണ് ലഭിച്ചത്.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജൻ നേടിയ വോട്ടിനേക്കാൾ കുറവാണിത്. പി. ജയരാജൻ 65,401 വോട്ടാണ് അന്ന് നേടിയത്. എതിർ സ്ഥാനാർഥിയായിരുന്ന കെ. മുരളീധരൻ 53,932 വോട്ടും നേടി. കെ. മുരളീധരനേക്കാൾ 11,469 വോട്ട് കൂടുതൽ ജയരാജൻ നേടി. എന്നാൽ, 6107 പുതിയ വോട്ടർമാർ ഇത്തവണ മണ്ഡലത്തിൽ കൂടിയെ ങ്കിലും എൽ.ഡി.എഫ് നില മെച്ചപ്പെടുത്താനായില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പുതിയ കണക്കനുസരിച്ച് 1,78,601 വോട്ടർമാരാണ് തലശ്ശേരി മണ്ഡലത്തിലുള്ളത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 81,810 വോട്ടാണ് എൽ.ഡി.എഫ് സ്ഥാനാർഥി എ.എൻ. ഷംസീർ സ്വന്തമാക്കിയത്. 45,009 വോട്ടായിരുന്നു കോൺഗ്രസ് സ്ഥാനാർഥിക്ക്. 36,801 ആയിരുന്നു ഷംസീറിന്റെ ഭൂരിപക്ഷം. 2016ലും ഷംസീർ 34,117 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കിയിരുന്നു.
തലശ്ശേരി നഗരസഭ, എരഞ്ഞോളി, കതിരൂർ, ന്യൂമാഹി, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്നതാണ് തലശ്ശേരി നിയോജക മണ്ഡലം. എൽ.ഡി.എഫ് മേൽ കോയ്മയിലാണ് തദ്ദേശ സ്ഥാപനങ്ങൾ മുഴുവനും.
എന്നാൽ, എൻ.ഡി.എ സ്ഥാനാർഥി നില മെച്ചപ്പെടുത്തിയത് ഇരു മുന്നണിക്കൾക്കും കടുത്ത ഭീഷണി ഉയർത്തിയിരിക്കുന്നു. 2019 ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി വി.കെ. സജീവന് 13,456 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ മത്സരിച്ച പ്രഫുൽ കൃഷ്ണൻ 18,869 വോട്ടുകൾ നേടി. 5413 വോട്ടിന്റെ വർധനവാണ് എൻ.ഡി.എക്ക്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ ഇത്തവണ മൂവ്വായിരത്തിലേറെ വോട്ടിന്റെ കുറവുണ്ടായത് എൽ.ഡി.എഫിനാണ്. യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കഴിഞ്ഞ തവണ മത്സരിച്ച കെ. മുരളീധരനേക്കാൾ നേരിയ കുറവിനാണ് പിറകിലായത്. യു.ഡി.എഫ് വോട്ടുകൾ വലിയ തോതിൽ തലശ്ശേരി മണ്ഡലത്തിൽ ചോർന്നിട്ടില്ല. എന്നിട്ടും ഇത്രയും വോട്ടുകൾ എൻ.ഡി.എ പെട്ടിയിലായത് ഏറെ ചർച്ച ചെയ്യപ്പെടാൻ ഇരുമുന്നണിക്കകത്തും വഴിയൊരുക്കും.
കാലാകാലമായി ഇടത് പാരമ്പര്യം നിലനിർത്തിയ തലശ്ശേരിയിൽ കെ.കെ. ശൈലജക്ക് വോട്ട് കുറഞ്ഞത് പാർട്ടിക്ക് വലിയ ക്ഷീണമാണ് വരുത്തിയത്. തെരഞ്ഞെടുപ്പ് വേളയിൽ സമൂഹമാധ്യമങ്ങൾ വഴി ഉയർത്തിയ പോര് തന്നെയാണ് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയത്.