ശ്രീകണ്ഠപുരം: ഇരിക്കൂറിന്റെ നിയമസഭ ചരിത്രത്തിൽ ഇടതും വലതുമുണ്ട്. പിന്നീടത് വലതു വഴിയിൽ നീങ്ങി അവരുടെ സ്വന്തം തട്ടകമായി. ലോക്സഭ തെരഞ്ഞെടുപ്പിലും അത് പ്രകടമായിരുന്നു. ഇത്തവണ യു.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത വലിയ ഭൂരിപക്ഷത്തിലാണ് ലോക്സഭയിൽ കെ. സുധാകരൻ എന്ന കെ.പി.സി.സി പ്രസിഡന്റിന്റെ കണ്ണൂരിലെ ജയം.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ളവരുടെ മണ്ഡലത്തിലടക്കം വലിയ വോട്ടുകൾ കൊയ്ത് എം.പിയായി സുധാകരൻ വീണ്ടും വരുമ്പോൾ അത് ഇടതുപാളയത്തിന് വലിയ തിരിച്ചടിയാണ്. ഇരിക്കൂറിന്റെ വലതു മണ്ണിനപ്പുറം ഇടതുപാളയങ്ങളിലും വോട്ടു നേടിയാണ് സുധാകര ജയം എന്നത് വലിയ അങ്കലാപ്പാണുണ്ടാക്കിയത്. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരടക്കം ഈ കർഷക മണ്ണിൽ ചവിട്ടി നിയമസഭയിൽ വിജയഗാഥ രചിച്ചിട്ടുണ്ട്. പിന്നീട് ചരിത്രം വലതുപാളയത്തിലേക്ക് വഴിമാറി.
1974 ലെ ഉപതെരഞ്ഞെടുപ്പിലാണ് ഇരിക്കൂറിൽനിന്ന് ഇ.കെ. നായനാർ ആദ്യമായി നിയമസഭയിലെത്തിയത്. 1977ൽ ഇരിക്കൂർ മണ്ഡലം പുതിയരൂപത്തിലായി. കന്നിയങ്കത്തിൽ കോൺഗ്രസിലെ സി.പി. ഗോവിന്ദൻ നമ്പ്യാർ എതിരാളി സെബാസ്റ്റ്യനെ മുട്ടുകുത്തിച്ചു. ഇതോടെയാണ് ഇരിക്കൂറിന്റെ വലതു ചായിവ് പ്രകടമായത്. എന്നാൽ, 79 ൽ കോൺഗ്രസ് എ ഗ്രൂപ്പിന്റെ പിന്തുണയിൽ കോൺഗ്രസ് എസിലെ കടന്നപ്പളളി രാമചന്ദ്രൻ എതിരാളിയായ കോൺഗ്രസിലെ ഡോ. കെ.സി. ജോസഫിനെ തോൽപിച്ച് നിയമസഭയിലെത്തിയപ്പോൾ വിജയം ഇടതിന്റെ പട്ടികയിലായി. 1982ൽ കോട്ടയം ചങ്ങനാശ്ശേരിയിൽനിന്ന് വന്ന് കുടിയേറ്റ മനസ്സ് കീഴടക്കി ഇരിക്കൂറിൽ അങ്കം പയറ്റാനിറങ്ങിയ കോൺഗ്രസിലെ കെ.സി. ജോസഫ് 40 വർഷം മണ്ഡലം ഭരിച്ച കാഴ്ചയാണ് പിന്നീടുണ്ടായത്. കഴിഞ്ഞതവണ കോൺഗ്രസിലെ സജീവ് ജോസഫ് മണ്ഡലത്തിൽ കെ.സിയുടെ പിൻഗാമിയായെത്തി. മുല്ലപ്പള്ളി രാമചന്ദ്രനെയും എ.പി. അബ്ദുല്ലക്കുട്ടിയെയും പി.കെ. ശ്രീമതിയെയും പാർലമെൻറിലേക്കയച്ച കണ്ണൂർ കെ. സുധാകരനെ കണ്ണിലുണ്ണിയാക്കി പലതവണയാണ് വിജയിപ്പിച്ചത്. ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന എതിർ പാളയത്തിലെ പ്രചാരണം നിഷ്പ്രഭമാക്കിയാണ് സുധാകരൻ ചരിത്ര ഭൂരിപക്ഷത്തിൽ കണ്ണൂർ നിലനിർത്തിയത്. ഇത്തവണ സുധാകര വിജയത്തിന് 34,786 വോട്ടിന്റെ മികച്ച ഭൂരിപക്ഷമാണ് ഇരിക്കൂർ നൽകിയത്. ജില്ലയിൽ സുധാകരന് ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയ മണ്ഡലവും ഇരിക്കൂർ തന്നെ. കഴിഞ്ഞ തവണ 52,901 വോട്ടുകൾ നേടിയ ഇടതുപക്ഷത്തിന് ഇത്തവണ 46,358 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
എൻ.ഡി.എ സഖ്യം 2019ൽ 7,289 വോട്ടുകൾ ഉണ്ടായിരുന്നത് ഇത്തവണ 13,562 ആയി നില മെച്ചപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്.